Untitled design - 1

മുൻ കരസേന മേധാവി ജനറൽ നരവനെ എഴുതിയ ഓർമ്മക്കുറിപ്പിലെ വാചകങ്ങളെച്ചൊല്ലി പാർലിമെന്റിൽ നടന്നത് പൊരിഞ്ഞ വാക്കേറ്റമാണ്. ഇപ്പോഴിതാ വിവാദത്തിന് തിരി കൊളുത്തി, കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ രാഹുല്‍ ഗാന്ധിയെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്.     

അങ്ങിനെയൊരു പുസ്തകമില്ല എന്ന് അമിത് ഷായും രാജ്‌നാഥ് സിങ്ങും പറഞ്ഞതോടെ, ആ പുസ്തകം ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്. ജനറൽ നരവനെ എഴുതിയ ഓർമ്മക്കുറിപ്പിലെ വാചകങ്ങൾ വായിക്കാൻ രാഹുൽ ശ്രമിച്ചപ്പോഴാണ് വലിയ ബഹളമുണ്ടായത്. അങ്ങനെ ഒരു പുസ്തകം തന്നെയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു രാജ്‌നാഥ്‌ സിങ്. അദ്ദേഹത്തെ ഇത്രമാത്രം പ്രകോപിതനായി ഒരിക്കലും കണ്ടിട്ടില്ല. ലഡാക്കിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായപ്പോൾ പ്രധാന മന്ത്രിയും പ്രതിരോധമന്ത്രിയും മൗനികളായി തന്നെ ഒറ്റപ്പെടുത്തിയെന്ന അതീവഗുരുതരമായ ആരോപണമാണ് കരസേനാ മേധാവി തന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയത്. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോൾ അവർ മൗനികളായി നിന്നു എന്ന്. 

പ്രിന്റ് ചെയ്ത് റെഡിയായ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരണാനുമതി നൽകിയില്ല. രണ്ട് വർഷമായി അത് കോൾഡ് സ്റ്റോറേജിലാണ്. എന്നാൽ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ കാരവനിൽ അടക്കം പല മാഗസിനുകളിലായി പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. അത് വായിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. അപ്പോഴാണ് തടഞ്ഞത്. അതായത് കരസേന മേധാവി എഴുതിയ കാര്യം, പ്രിന്റ് ചെയ്ത് റെഡിയായ പുസ്തകം, ഇന്ത്യയിൽ പുറത്തിറക്കാൻ അനുമതി നൽകാതെ തടഞ്ഞു വെച്ചിട്ട് അങ്ങിനെയൊരു പരാമർശമില്ല എന്ന് വാദിച്ചു ജയിക്കാൻ നോക്കുക. 

ആമസോണിൽ നിന്ന് വാങ്ങിയ പുസ്തകമാണ് രാഹുൽ ഉയർത്തിക്കാട്ടിയതെന്ന് പ്രിയങ്ക ഗാന്ധി ഇന്ന് പറഞ്ഞിട്ടുണ്ട്. ഓൺലൈനിൽ അവൈലബിൾ ആയിരുന്ന പുസ്തകം വിവാദം ഉണ്ടായതിനെത്തുടർന്ന് എല്ലാ ഓൺലൈൻ സൈറ്റുകളിൽ നിന്നും പെട്ടെന്ന് അപ്രത്യക്ഷമായി എന്നാണ് റിപോർട്ടുകൾ. 

അങ്ങനെയൊരു പുസ്തകമുണ്ടെകിൽ അത് രാഹുൽ ഹാജറാക്കട്ടെ എന്നാണ് ഇന്നലെ പ്രതിരോധ മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടത്. ആ പുസ്തകവുമായാണ് രാഹുൽ ഇന്ന് പാർലിമെന്റിൽ എത്തിയത്. പക്ഷേ മുട്ടിലിഴയുന്ന നമ്മുടെ മാധ്യമങ്ങൾക്ക് അതൊരു വാർത്തയല്ല. അതൊരു ചർച്ചയല്ല.  – ബഷീര്‍ വള്ളിക്കുന്ന് വിമര്‍ശിക്കുന്നു. 

ENGLISH SUMMARY:

Rahul Gandhi's parliamentary actions concerning General Naravane's memoir have sparked significant debate. The controversy escalated when ministers denied the existence of the book, only for Rahul Gandhi to present it, highlighting serious allegations against the government.