lover-kills-well

ഗർഭിണിയായതിനെ തുടർന്ന് വിവാഹത്തിന് നിർബന്ധിച്ച പ്രായപൂർത്തിയാകാത്ത കാമുകിയെ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി യുവാവ്. ഗുജറാത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം. സംഭവത്തിൽ മുഖ്യപ്രതിയായ രാജേഷ്, സുഹൃത്ത് രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഒരു വർഷമായി രാജേഷും ഇതേ ഗ്രാമവാസിയായ പെൺകുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടി ഗർഭിണിയാവുകയും വിവാഹം കഴിക്കണമെന്ന് രാജേഷിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിവാഹത്തിന് വിസമ്മതിച്ച രാജേഷിനെതിരെ പൊലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പെൺകുട്ടിയെ വകവരുത്താൻ രാജേഷ് പദ്ധതിയിട്ടത്. സുഹൃത്തായ രാഹുലുമായി ചേർന്ന് ഗൂഢാലോചന നടത്തിയ പ്രതി, ഒളിച്ചോടി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ രാത്രിയിൽ തന്‍റെ അടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാജേഷിന്‍റെ വാക്കു വിശ്വസിച്ചെത്തിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാൻ അരയിൽ കല്ലുകെട്ടി സമീപത്തെ കിണറ്റിൽ താഴ്ത്തി.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണമാണ് രാജേഷിലേക്ക് എത്തിയത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A youth in Gujarat has been arrested for murdering his minor pregnant girlfriend with the help of a friend. The accused allegedly strangled her after she insisted on marriage and dumped her body in a well tied to a heavy stone.