Image Credit: instagram/bearys_in_dubai

Image Credit: instagram/bearys_in_dubai

പ്രൈവറ്റ് ബസുകളിലാണ് സാധാരണ കൗതുകകരമായ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാലിതാ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ് കര്‍ണാടക സ്വദേശിയുടെ കാറിലെ സ്റ്റിക്കര്‍. 'അകലം പാലിക്കുക, ഇഎംഐ പെന്‍ഡിങാണ്' എന്നായിരുന്നു സ്റ്റിക്കറിലെഴുതിയിരുന്നത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനാണ് വെള്ള മാരുതി ആള്‍ട്ടോ കാറിലെ കൗതുകക്കാഴ്ച പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് റോഡില്‍ നിന്നുള്ളതാണ് ദൃശ്യം. 

റോഡ് സുരക്ഷയ്ക്കുള്ള വാചകത്തിനൊപ്പം മാസം മാസം ലോണടയ്ക്കാനുള്ള തന്‍റെ ഓട്ടവും കൂടിയാണ് കാറുടമ പങ്കുവച്ചതെന്നും ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതെന്നും ആളുകള്‍ കമന്‍റ് ചെയ്തു. 54 മില്യണ്‍ പേരാണ് വിഡിയോ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. നല്ല തമാശയെന്ന് ഒരാള്‍ കുറിച്ചപ്പോള്‍ , പിള്ളേര്‍ക്ക് ചിരിയാണ്, പക്ഷേ മുതിര്‍ന്നവര്‍ക്ക് ആ വേദന മനസിലാകുമെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഏറ്റവും മികച്ച കാര്‍ സ്റ്റിക്കറെന്ന് കമന്‍റ് ചെയ്തിട്ടുള്ളവരും കുറവല്ല. 

കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ നിന്നുള്ള യുവാവ് തന്‍റെ മാരുതി ഇഗ്നിസ് കാറില്‍ മൈ കാര്‍ ഈസ് ബിഎംഡബ്ല്യു എന്ന് സ്റ്റിക്കറൊട്ടിച്ചതും ഒപ്പം വലത് വശത്ത് ബിഎംഡബ്ല്യു പാര്‍ക്ക് ചെയ്തിരിക്കുന്നതും ഒരാള്‍ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

ENGLISH SUMMARY:

A funny yet relatable car sticker on a Maruti Alto in Mangaluru has taken the internet by storm. The sticker reads "Keep Distance, EMI Pending," reflecting the owner's concern for road safety and monthly loan repayments. The video, captured near Mangaluru's Circuit House Road, has garnered over 54 million views on Instagram, sparking a mix of humor and empathy among netizens.