പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എന്‍ജിനുകളിലൊന്ന് തകരാറിലായതോടെ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനമാണ് ആശങ്ക ഉയര്‍ത്തിയത്. ബോയിങ് 777–300 ER വിമാനം പുലര്‍ച്ചെ 3.20ഓടെയാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ ഫ്ലാപ് അകത്തേക്ക് കയറിയതോടെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ പ്രഷര്‍ അസാധാരണമായ രീതിയില്‍ താഴ്ന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പൊടുന്നനവേ പൂജ്യത്തിലേക്കും എത്തി.
എന്‍ജിനുകളിലൊന്ന് തകരാറിലായതോടെ വിമാനം തിരികെ ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്നു. സുരക്ഷിതമായി വിമാനം ഡല്‍ഹിയിലിറക്കുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാരെ വൈകാതെ മുംബൈയില്‍ എത്തിക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
എന്‍ജിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നത് ഓയില്‍ ആയതിനാല്‍ തന്നെ പ്രഷര്‍ പൂജ്യത്തിലേക്ക് എത്തുന്നത് ഗൗരവകരമായ സ്ഥിതിയായിട്ടാണ് കരുതുന്നത്. ഓയില്‍ പ്രഷറിലുണ്ടാകുന്ന വ്യതിയാനം അതിവേഗത്തില്‍ എന്‍ജിന്‍ ചൂടാകാനും ചില സാഹചര്യങ്ങളില്‍ എന്‍ജിന്‍ തകരാറിലേക്കും തീ പിടിത്തത്തിനും കാരണമാകാം.
എയര്‍ ഇന്ത്യ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ ഉണ്ടായത് ഡിജിസിഎയും സ്ഥിരീകരിച്ചു. ഇത്തരത്തില്‍ സംഭവിച്ചതിന്‍റെ കാരണം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷണത്തിനായി പെര്‍മനന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.
വിശാഖപട്ടണത്ത് നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും കഴിഞ്ഞ ദിവസം സാങ്കേതിക തടസം നേരിട്ടിരുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ വെങ്കയ്യ നായിഡു, ആന്ധ്ര കൃഷി മന്ത്രി കെ.അച്ചെന്നായിഡു, മുതിര്‍ന്ന വൈഎസ്ആര്‍സിപി നേതാവ് ബി.സത്യനാരായണ തുടങ്ങിയവര്‍ ഈ വിമാനത്തിലുണ്ടായിരുന്നു.