File Image
ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ സൗദിയിലെ വ്യോമ ഗതാഗതം താറുമാറായി. ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചത് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നു സൗദിയിലേക്കുള്ള വ്യോമ ഗതാഗതവും തടസപ്പെടുത്തി. 1300 രാജ്യാന്തര വിമാനങ്ങളാണ് ദിവസവും സൗദി വ്യോമ പാത ഉപയോഗിക്കുന്നത്.
ദുബായ്, ദോഹ, അബുദാബി, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെ എട്ട് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് മാര്‍ച്ച് 2 വരെ റദ്ദാക്കി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ നിലവിലെ യാത്രാസ്ഥിതി ഉറപ്പുവരുത്തണമെന്ന് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു. വെബ്സൈറ്റുകളും ഇമെയിലുകളും മറ്റ് മുന്നറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാന സര്‍വീസുകളുടെ ഫ്‌ളൈറ്റ് ഷെഡ്യൂളുകളും സമയക്രമവും വിശകലനം ചെയ്യുന്ന സിറിയം ഏവിയേഷന്‍ അനലിറ്റിക്‌സ് റിപ്പോര്‍ട്ട് പ്രകാരം ഇന്നും നാളെയുമായി 260 വിമാനങ്ങള്‍ റദ്ദാക്കിയതായിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയത് സൗദി സെക്ടറിലാണ്. 1200ലേറെ വിമാനങ്ങളാണ് സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ ദിവസവും വന്നുപോകുന്നത്.
അതേസമയം, രാജ്യത്തിന് നേരെയുണ്ടായ ആക്രമണം പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇറാനെ തിരിച്ചടിക്കാനുള്ള ന്യായമായ അവകാശമുണ്ടെന്നും സൗദി വ്യക്തമാക്കി. യുഎഇയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ സൗദി പിന്തുണ അറിയിച്ചിട്ടുണ്ട്. സൗദി തലസ്ഥാനമായ റിയാദിലാണ് ഇറാന്‍റെ ആക്രമണം ഉണ്ടായത്. ഖത്തറിലും ബഹ്റൈനിലും ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സൗദിയിലും പലയിടങ്ങളിലായി സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തത്.