File Image credit: PTI

പറന്നുയര്‍ന്നതിന് പിന്നാലെ എന്‍ജിനുകളിലൊന്നിന് ഗുരുതര തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുപറന്നു. രാവിലെ ഡല്‍ഹിയില്‍ നിന്ന് 150 യാത്രക്കാരുമായി ലേയിലേക്ക് പറന്ന വിമാനമാണ് തലനാരിഴയ്ക്ക് ദുരന്തത്തില്‍ നിന്നും ഒഴിവായത്. വിമാനത്തിന്‍റെ രണ്ടാം എന്‍ജിനിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതോടെ വിമാനത്തില്‍ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയായിരുന്നു. ബോയിങ് 737 വിമാനത്തിന്‍റെ എന്‍ജിനാണ് തകരാറിലായത്.

എന്താണ് ഫുള്‍ എമര്‍ജന്‍സി?

വിമാനം ഗുരുതരമായ അപകടത്തിലാണ് എന്ന മുന്നറിയിപ്പാണ് ഫുള്‍ എമര്‍ജന്‍സി. ഇത് തീ പിടിത്തമോ, മെക്കാനിക്കലായ തകരാറോ, ഇന്ധനമില്ലാത്ത സ്ഥിതിയോ ആകാം. വിമാനത്തിന്‍റെയും യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് ഭീഷണിയെന്നാണ് ഇതിന്‍റെ അര്‍ഥം. അടിയന്തര സഹായവും ലാന്‍ഡ് ചെയ്യാനുള്ള സൗകര്യവും ആവശ്യപ്പെടുന്നത് കൂടിയാണ് ഈ മുന്നറിയിപ്പ്. ഫുള്‍ എമര്‍ജന്‍സി സന്ദേശത്തിന് പിന്നാലെ മേയ്ഡേ സന്ദേശവും പൈലറ്റുമാര്‍ പുറപ്പെടുവിക്കും. വിമാനത്താവളത്തിലാവട്ടെ അഗ്നിരക്ഷ സേനാംഗങ്ങള്‍, മറ്റ് അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവ സുസജ്ജമാക്കും. ഫുള്‍എമര്‍ജന്‍സി സന്ദേശം ലഭിച്ചാലുടന്‍ എടിസി റണ്‍​വേകള്‍ ക്ലിയര്‍ ചെയ്യും , അടിയന്തര പ്രാധാന്യത്തോടെ തകരാറിലായി വരുന്ന വിമാനം ഇറങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്യും. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലേയിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയതായി സ്പൈസ്ജെറ്റ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.'വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങി. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോക്പിറ്റില്‍ ഫയര്‍വാണിങ് ഉണ്ടായിട്ടില്ല' എന്നും വക്താവ് വിശദീകരിച്ചു.

ENGLISH SUMMARY:

A major disaster was averted at Delhi's Indira Gandhi International Airport on February 24, 2026, when a SpiceJet Boeing 737 flight carrying 150 passengers to Leh made an emergency landing. Shortly after takeoff, a critical technical fault was detected in the aircraft's second engine, prompting the pilots to declare a 'Full Emergency.' Emergency services, including fire tenders and medical teams, were immediately stationed at the runway as ATC cleared all other traffic for the priority landing. According to SpiceJet officials, the aircraft landed safely, and all passengers were evacuated without any injuries. While a 'Mayday' signal was issued, the airline confirmed that no fire warnings were observed in the cockpit. Authorities have initiated a technical investigation into the engine failure of the Boeing 737-800 series.