ഉത്തര്‍പ്രദേശില്‍ ഡല്‍ഹി– ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുമരണം. നൂറിലേറെപ്പേര്‍ക്ക് പരുക്ക്. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കനത്ത മൂടല്‍മഞ്ഞ് ഡ്രൈവര്‍മാരുടെ കാഴ്ചമറച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് ബസുകൾക്ക് തീപിടിക്കുകയായിരുന്നു. മരിച്ച നാലുപേരും തീയില്‍പ്പെട്ട് വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്.
മഥുര ജില്ലയിലെ ബാൽഡിയോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മൈൽസ്റ്റോൺ 127 ന് സമീപം പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. മൂന്ന് കാറുകൾ ആദ്യം പരസ്പരം കൂട്ടിയിടിച്ചതായും തുടർന്ന് ഒരു റോഡ്‌വേ ബസും ആറ് സ്ലീപ്പർ ബസുകളും ഉൾപ്പെടെ ഏഴ് ബസുകൾ അവയിൽ ഇടിച്ചതായുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂട്ടിയിടിയെത്തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ബസുകളിലെ യാത്രക്കാരാകട്ടെ ഉറക്കത്തിലുമായിരുന്നു. എല്ലാ ബസുകളും പൂര്‍ണമായും കത്തിനശിച്ചു.
അപകടത്തെ തുടര്‍ന്ന് എക്സ്പ്രസ് ഹൈവേ പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടിത്തിലെത്തിയായും വാഹനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയില്‍ കാഴ്ചമറച്ച് കനത്ത മൂടല്‍മഞ്ഞ് തുടരുകയാണ്. പലയിടങ്ങളിലും ഏതാണ്ട് പൂജ്യം ദൃശ്യപരതയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതാണ് തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത്. മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവരോട് വേഗത കുറയ്ക്കാനും, ലെയ്ൻ അച്ചടക്കം പാലിക്കാനും, മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ എക്സ്പ്രസ് വേകളിൽ നിർത്തുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.