AI Image

രാജ്യതലസ്ഥാനത്ത് വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഡല്‍ഹി സ്വദേശികളായ ലാച്ചി റാമും ഭാര്യ കുസും ലതയുമാണ് പരുക്കേറ്റ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന് മരിച്ചത്. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഡല്‍ഹി–മുംബൈ എക്സ്പ്രസ് വേയിലായിരുന്നു ദാരുണ സംഭവം. 

ദമ്പതിമാര്‍ സഞ്ചരിച്ച വാഗണ്‍–ആര്‍ കാറിലേക്ക് ട്രക്ക് ആദ്യം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തെറിച്ച് വശത്തേക്ക് മാറി. കാര്‍ ഡോര്‍ ജാമായതോടെ ദമ്പതിമാര്‍ക്ക് പുറത്തിറങ്ങാനായില്ല. ട്രക്ക് ഡ്രൈവര്‍ നിര്‍ത്താതെ കടന്നുപോയി. 22 മിനിറ്റ് കഴിഞ്ഞതോടെ അമിത വേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും കാറില്‍ ഇടിച്ചു. അപകടമുണ്ടാക്കിയതിന് പിന്നാലെ എര്‍ട്ടിഗയുടെ ഡ്രൈവര്‍, വാഹനം പിന്നിലേക്കെടുത്ത് സ്ഥലത്ത് നിന്നും രക്ഷപെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. 

എട്ടുമണിക്കൂര്‍ റോഡരികില്‍ ദമ്പതിമാര്‍ അപകടത്തില്‍പ്പെട്ടു കിടന്നിട്ടും ആ വഴി പോയ ഒരു വാഹനവും നിര്‍ത്തുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെന്നത് തീരാവേദനയുണ്ടാക്കുന്നുവെന്ന് റാമിന്‍റെ പിതാവ് പറയുന്നു. മണിക്കൂറുകളിടവിട്ട് പട്രോളിങ് നടക്കുന്ന സ്ഥലമായിട്ടും ഒരു പട്രോളിങ് വാഹനം പോലും അപകടത്തില്‍പ്പെട്ടു കിടക്കുന്ന കാര്‍ ശ്രദ്ധിക്കാതെ പോയതെങ്ങനെയെന്നും കുടുംബം ചോദ്യമുയര്‍ത്തുന്നു. രാത്രി മുഴുവന്‍ വിളിച്ചിട്ടും മകന്‍ ഫോണെടുക്കാതിരുന്നതോടെ റാമിന്‍റെ പിതാവ് ദേവി സിങ് ആശങ്കയിലായി. രാവിലെ എട്ടുമണിയോടെ വീണ്ടും വിളിച്ചപ്പോള്‍ പൊലീസാണ് ഫോണെടുത്തതെന്നും അപ്പോഴാണ് ദാരുണ സംഭവം അറിഞ്ഞതെന്നും ദേവി സിങ് പറയുന്നു. 

വാഹനം വന്നിടിച്ചതോടെ റാമിന്‍റെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. രണ്ട് കാലുകളും ഒടിഞ്ഞു. കുസുമിന് പക്ഷേ പ്രത്യക്ഷത്തില്‍ പരുക്കുകളൊന്നും കണ്ടെത്താനായില്ലെന്നും ആരെങ്കിലും വാഹനം നിര്‍ത്തിയിരുന്നുവെങ്കില്‍ രക്ഷപെട്ടേനെയെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

A tragic hit-and-run incident on the Delhi-Mumbai Expressway claimed the lives of a Delhi couple, Lachi Ram and his wife Kusum Lata. Their Wagon R car was first hit by a truck, which fled the scene. Twenty-two minutes later, a speeding Maruti Ertiga hit the stationary car, and its driver also fled after reversing. The couple was trapped inside the damaged car for eight excruciating hours, bleeding out, as hundreds of vehicles passed by without stopping to help. The family expressed deep anguish over the lack of assistance and the failure of patrol vehicles to notice the wrecked car. Delhi Police have launched an investigation into the fatal accident.