(X/ @sarviind)
ഉദയ്പൂരിലെ പഴയ അഹമ്മദാബാദ് ഹൈവേയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് നാല് കൗമാരക്കാർ മരിച്ചു. ആറ് പേർക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ സവിന പ്രദേശത്തെ നെല തലാബിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൂട്ടിയിടിച്ച കാറുകളിൽ ഒന്നിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിന്‍റെ ജന്മദിനം ആഘോഷിച്ച് 'സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷം അടുത്തുള്ള ഒരു സ്ഥലത്ത് ചായ കുടിക്കാൻ പോവുകയായിരുന്നു സംഘം.
കാറിനുള്ളിൽ നിന്ന് സുഹൃത്തുക്കളിൽ ഒരാൾ പകർത്തിയ വിഡിയോയിൽ, വാഹനത്തിലെ ഉച്ചത്തിലുള്ള പാട്ടും കയ്യില്‍ സിഗരറ്റുമായി വാഹനമോടിക്കുന്ന കൗമാരക്കാരനെയും കാണാം. കാറിന്‍റെ വേഗത 120 കിലോമീറ്റര്‍ കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് കാർ ഇപ്പോൾ 140 കിലോമീറ്റർ വേഗതയിലാണെന്നും വേഗത കുറയ്ക്കണമെന്നും വണ്ടിയിലുള്ള രണ്ട് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വേഗത കുറയ്ക്കാതെ വാഹനം മുന്നോട്ട് പോകുന്നതിനിടയില്‍ മറുവശത്ത് നിന്ന് ഒരു വാഹനം വരികയും ആക്സിലേറ്ററില്‍ ചവിട്ടി യു–ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് ഗ്ലാസ് പൊട്ടുന്നതും നിലവിളിക്കുന്നതുമായ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. മുഹമ്മദ് അയാൻ (17), ആദിൽ ഖുറേഷി (14), ഷേർ മുഹമ്മദ് (19), ഗുലാം ഖ്വാജ (17) എന്നീ നാല് സുഹൃത്തുക്കളാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
അപകടത്തിന് ശേഷം പത്ത് മിനിറ്റോളം യുവാക്കള്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും അപകടസ്ഥലത്ത് ആളുകൾ എത്തുമ്പോഴേക്കും നാല് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട, ഗുജറാത്ത് റജിസ്ട്രേഷൻ നമ്പറുണ്ടായിരുന്ന രണ്ടാമത്തെ കാര്‍ ചുരു ജില്ലയിലെ രാജ്ഗഡിൽ നിന്ന് ഗുജറാത്തിലെ വാപിയിലേക്ക് പോകുകയായിരുന്നു. ഗുജറാത്ത് റജിസ്റ്റേർഡ് കാറിലെ നാല് യാത്രക്കാർക്കും കൂട്ടിയിടിയിൽ പരുക്കേറ്റതായി പൊലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി എംബി ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു, തകർന്ന രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.