പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കലക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടിയിടിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കോന്നിയിലാണ് അപകടമുണ്ടായത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് തിരികെ വരികയായിരുന്നു കലക്ടര്‍. എതിരെ വന്ന കാറില്‍ ഇടിച്ച് കലക്ടറുടെ കാര്‍ തലകീഴായ് മറിയുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗതയിൽ ആയിരുന്നു എന്നാണ് സൂചന. പുനലൂർ മൂവാറ്റുപുഴ പാതയില്‍ സ്ഥിരം അപകടമുണ്ടാകുന്ന ഭാഗത്താണ് കാറുകള്‍ കൂട്ടിയിടിച്ചത്.