മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യാപക വിമര്‍ശനം. ഹിന്ദു ദൈവങ്ങളെ കുറിച്ച് പാര്‍ട്ടി യോഗത്തിനിടെ രേവന്ത് റെഡ്ഡി നടത്തിയ 'സരസ'മായ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ഹൈന്ദവ ആരാധനാരീതികളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് രേവന്ത് റെഡ്ഡി മൂന്നുകോടിയോളം വരുന്ന ദൈവങ്ങളെ കുറിച്ചും പരാമര്‍ശിച്ചത്.
'ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ട്? മുപ്പത്തിമുക്കോടി? കാരണമെന്തെന്നറിയോ? അവിവാഹിതര്‍ക്ക് ഭഗവാന്‍ ഹനുമാന്‍, രണ്ട് കെട്ടിയവര്‍ക്ക് മറ്റൊരു ദൈവം, മദ്യപാനികള്‍ക്ക് മറ്റൊരു ദൈവം, യെല്ലമ്മ, പോച്ചമ്മ, മൈയ്സമ്മ... കോഴി കഴിക്കുമെന്നുള്ളവര്‍ക്ക് വേറെയൊരു ദൈവം, ദാല്‍ റൈസ് കഴിക്കുന്നവര്‍ക്ക് മറ്റൊരാള്‍.. ശരിയല്ലേ.. എല്ലാ തരത്തില്‍പ്പെട്ടവര്‍ക്കും ഉള്ള ദൈവങ്ങള്‍ ഹൈന്ദവ വിശ്വാസത്തിലുണ്ട്'- എന്നായിരുന്നു മുഖ്യമന്ത്രി അല്‍പം നര്‍മം കലര്‍ത്തി പറഞ്ഞത്.
എന്നാല്‍ ഇത് നര്‍മമല്ലെന്നും ഹൈന്ദവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നു. രേവന്ത് റെഡ്ഡിയും കോണ്‍ഗ്രസും ഹിന്ദുക്കളെ അപമാനിക്കുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. 'ഹിന്ദുക്കളെയും ഹിന്ദു ആരാധനാമൂര്‍ത്തികളെയും അപമാനിക്കുന്ന രേവന്ത് റെഡ്ഡിയുടെ വാക്കുകളെ അപലപിക്കുന്നു. കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്ന് രേവന്ത് റെഡ്ഡി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഒരൊറ്റ പ്രസ്താവന അവരുടെ ഉള്ളിലിരിപ്പ് വെളിവാക്കുന്നുണ്ട്.ഹിന്ദുക്കളോട് ആഴത്തിലുള്ള വിരോധം കോണ്‍ഗ്രസിനുണ്ട്'- എന്നായിരുന്നു ബന്‍ഡി സഞ്ജയുടെ വാക്കുകള്‍. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ ഹൈന്ദവര്‍ ഒന്നിക്കണമെന്നും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിരുപാധികം മുഖ്യമന്ത്രി മാപ്പുപറയണമെന്നാണ് ആവശ്യം. ബിആര്‍എസും രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോടിക്കണക്കിന് ഹിന്ദുക്കളെ മുഖ്യമന്ത്രി അപമാനിച്ചുവെന്നും മാപ്പുപറയണമെന്നും ബിആര്‍എസ് ആവശ്യപ്പെട്ടു.