ഉത്തർപ്രദേശിലെ ഇറ്റാവയിൽ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്നും ടിടിഇ തള്ളിയിട്ട യുവതി മരിച്ചു. നവംബർ 25 ന് രാത്രി പട്‌ന- ആനന്ദ് വിഹാർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസില്‍ (04089) ആയിരുന്നു സംഭവം. കാണ്‍പൂരില്‍ നിന്നുള്ള നാവികസേന ഉദ്യോഗസ്ഥന്റെ ഭാര്യ ആരതി (32) ആണ് മരിച്ചത്. സംഭവത്തില്‍ ടിടിഇ സന്തോഷ് കുമാറിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഹോ- ഭരതന റെയിൽവേ ലൈനിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം അപകടമരണമാണെന്നാണ് കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് യുവതിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്ന് വ്യക്തമാകുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിടിഇക്കെതിരെ കേസെടുത്തിരിക്കുന്നത്. ചികിത്സയ്ക്കായി ഡൽഹിയിലേക്ക് പോകുകയായിരുന്നു ആരതിയെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവം നടന്ന ദിവസം ബരൗണി- ന്യൂഡൽഹി ഹംസഫർ സ്‌പെഷല്‍ എക്സ്പ്രസില്‍ ആരതി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എന്നാൽ ട്രെയിൻ വൈകിയതോടെ കൃത്യസമയത്ത് ഡൽഹിയിലെത്താനായി ആനന്ദ് വിഹാർ ടെർമിനൽ സ്‌പെഷല്‍ എക്സ്പ്രസില്‍ കയറുകയായിരുന്നു എന്നാണ് കരുതുന്നത്. തുടര്‍ന്ന് ടിടിഇയുമായി തര്‍ക്കമുണ്ടാകുകയായിരുന്നു. ഇയാള്‍ ആദ്യം യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗ് ട്രെയിനിന് പുറത്തേക്ക് എറിയുകയും പിന്നാലെ യുവതിയെ പുറത്തേക്ക് തളളിയിടുകയുമായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സാംഹോണിനും ഭർത്താന റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ മൃതദേഹം കണ്ടെത്തുന്നത്. ആരതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ നിന്ന് ആരതിയുടെ ബാഗ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ആരതിയുടെ മൊബൈൽ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മുംബൈയിൽ നാവികസേനയില്‍ ജോലിചെയ്യുന്ന അജയ് യാദവിന്‍റെ ഭാര്യാണ് ആരതി. കാൺപൂരിലാണ് താമസം. അജയ് നിലവിൽ പ്രത്യേക പരിശീലനത്തിനായി ചെന്നൈയിലാണ്. ചികിത്സയ്ക്കായി പലപ്പോഴും ആരതി ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നുണ്ട്.