ഫയല്‍ ചിത്രം (ANI)
ബഹുഭാര്യാത്വം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍. വിവാഹമോചനം കൂടാതെ വീണ്ടും വിവാഹിതനായാല്‍ 7 വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. ഒരുവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. മുഖ്യമന്ത്രി ഹിമന്ദബിശ്വ ശര്‍മയാണ് അസം പ്രൊഹിബിഷന്‍ ഓഫ് പോളിഗമി ബില്‍ 2025 നിയമസഭയില്‍ അവതരിപ്പിച്ചത്.
ബഹുഭാര്യാത്വം നിരോധിക്കാനും ഇല്ലായ്മ ചെയ്യാനും അതുമൂലമുണ്ടാകുന്ന ദുരിതങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനും സമൂഹത്തെ ‘നേരെയാക്കാനും’ (Streamline the society) ലക്ഷ്യമിട്ടാണ് നിയമമെന്ന് ബില്ലിന്‍റെ ലക്ഷ്യങ്ങളില്‍ പറയുന്നു. ഭരണഘടനയുടെ ആറാം പട്ടികയില്‍പ്പെട്ട പ്രദേശങ്ങളിലും അനുച്ഛേദം 342 പ്രകാരം സംരക്ഷിക്കപ്പെടുന്ന ഗോത്രവിഭാഗങ്ങളെയും ബില്ലിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഹുഭാര്യാത്വത്തില്‍ ഏര്‍പ്പെട്ടതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പിന്നീട് അസമില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ സര്‍ക്കാര്‍, എയ്ഡഡ് ജോലികള്‍ക്ക് അപേക്ഷിക്കാനോ കഴിയില്ല.
ബഹുഭാര്യാത്വത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രമല്ല അതിന് ഒത്താശ ചെയ്യുന്നവര്‍ക്കും വിവരം പൊലീസില്‍ അറിയിക്കാതിരിക്കുന്നവര്‍ക്കും ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഗ്രാമമുഖ്യന്മാര്‍, രക്ഷകര്‍ത്താക്കള്‍, ഖാസിമാര്‍ എന്നിവരെല്ലാം ഇതിന്‍റെ പരിധിയില്‍ വരും. രണ്ടുവര്‍ഷം വരെ ജയില്‍വാസവും ഒരുലക്ഷം രൂപ പിഴയുമാണ് ഇവര്‍ക്ക് നിര്‍ദേശിക്കുന്ന ശിക്ഷ. ഭാര്യയുണ്ടെന്ന് അറിയാവുന്ന ഒരാള്‍ക്ക് മറ്റൊരു സ്ത്രീയുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതന്മാര്‍ക്കുള്ള പിഴശിക്ഷ ഒന്നരലക്ഷം രൂപവരെയാകും. അസമില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല, അസമിന് പുറത്തുപോയി ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്കും നിയമം ബാധകമാകും. അസമിന് പുറത്ത് താമസിക്കുകയും അസമില്‍ വസ്തുവകകള്‍ സ്വന്തമായുണ്ടാകുകയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നവരും നിയമത്തിന്‍റെ പരിധിയില്‍ വരും.
ബഹുഭാര്യാത്വത്തിന്‍റെ ഇരകളായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനായി പ്രത്യേക അതോറിറ്റി രൂപവല്‍കരിക്കും. പുതിയ നിയമം നടപ്പാകുന്നതിന് മുന്‍പ് വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ വിവാഹങ്ങളെ ബാധിക്കില്ല. കൃത്യമായ തെളിവുണ്ടാകണമെന്നുമാത്രം. നിയമപരമായ വിവാഹമോചനം നേടാതെ ഒരാള്‍ മറ്റൊരുവിവാഹം കഴിക്കുന്നതായി വിവരം ലഭിച്ചാല്‍ പൊലീസിന് ഇടപെടാനുള്ള അധികാരം കൂടി നല്‍കുന്നതാണ് അസം സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍.
അടുത്തവര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാതിരിക്കെയാണ് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ വിവാദബില്‍ അവതരിപ്പിച്ചത്. മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഗായകന്‍ സുബിന്‍ ഗാര്‍ഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ നിയമസഭ ബഹിഷ്കരിച്ച സമയത്താണ് ഹിമന്ദ ബില്‍ അവതരിപ്പിച്ചത്. സുബിന്‍റെ മരണം നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകാനുള്ള സാധ്യത നിലനില്‍ക്കേയാണ് വിവാദത്തിന് വഴിയൊരുക്കുന്ന സര്‍ക്കാരിന്‍റെ പുതിയ നീക്കം.