AI Image
സ്കൂളില്‍ നിന്ന് കൊടുത്തുവിട്ട ഹോം വര്‍ക്ക് ചെയ്യാതെ എത്തിയ നാലുവയസുകാരന് നേരെ അധ്യാപികമാരുടെ ക്രൂരത. കുട്ടിയുടെ ഷര്‍ട്ടില്‍ കയറ് കൊണ്ട് കെട്ടി മരത്തില്‍ തൂക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ സുരാജ്പുറിലെ ഹാന്‍സ് വാഹിനി വിദ്യാമന്ദിര്‍ സ്കൂളിലാണ് സംഭവം. നടുക്കുന്ന ദൃശ്യം സ്കൂളിനടുത്തുള്ള വീട്ടിലെ യുവാവ് പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. കാജല്‍ സാഹു, അനുരാധ ദേവ്ഗണ്‍ എന്നീ അധ്യാപികമാരാണ് കുട്ടിയെ ഇത്തരത്തില്‍ ശിക്ഷിച്ചത്.
നഴ്സറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഹന്‍സ് വാഹിനി വിദ്യാമന്ദിറിലുള്ളത്. തിങ്കളാഴ്ച പതിവുപോലെ കുട്ടികള്‍ സ്കൂളിലെത്തി. നഴ്സറി ക്ലാസ് അധ്യാപികയായ കാജല്‍ സാഹു കുട്ടികളുടെ ഹോം വര്‍ക്ക് ബുക്ക് പരിശോധിക്കുന്നതിനിടയിലാണ് ഒരു കുട്ടി അസൈന്‍മെന്‍റ് ചെയ്യാതെ വന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുപിതയായ കാജല്‍ കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്തിറക്കി നിര്‍ത്തി. കലി തീരാതിരുന്നതോടെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞ് നിലവിളിച്ചെങ്കിലും അധ്യാപികമാര്‍ താഴെ ഇറക്കിയില്ല.
അധ്യാപികമാര്‍ക്കും സ്കൂള്‍ മാനേജ്മെന്‍റിനുമെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും മാപ്പില്ലാത്ത ക്രൂരതയാണിതെന്നും കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താന്‍ ചെയ്തത് തെറ്റായിപ്പോയെന്നും പക്ഷേ മനപ്പൂര്‍വമല്ലെന്നുമായിരുന്നു അധ്യാപികമാരില്‍ ഒരാള്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്.