‘അടിക്കല്ലെടാ’ എന്നുള്ള ആ പതിനാറുകാരന്‍റെ നിലവിളി ഒന്ന് കേള്‍ക്കാനുള്ള മനസ് പോലും കാണിക്കാതെയായിരുന്നു വയനാട് കൽപ്പറ്റ ടൗണിൽ വിദ്യാർഥി സംഘത്തിന്‍റെ ക്രൂരമര്‍ദനം. പതിനാറുകാരനെ ഫോണിൽ വിളിച്ചുവരുത്തി വിദ്യാർഥികളായ ഒരുകൂട്ടം മർദിക്കുകയായിരുന്നു. മുഖത്തും പുറത്തും ഉൾപ്പെടെ ക്രൂരമായി മർദിക്കുന്നതിന്റേയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു. വിദ്യാർഥികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.
കൽപ്പറ്റ ടൗണിലെ മെസ് ഹൗസ് റോഡിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന ക്രൂരമായ മർദനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് കുട്ടിയെ വിളിച്ചുവരുത്തി സംഘം ആക്രമിച്ചത്. അഞ്ചു മിനിറ്റോളം നീണ്ടതാണ് വിഡിയോ. മർദനം സഹിക്കവയ്യാതെ കുട്ടി മാപ്പു പറയുന്നതും കാലുപിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നിട്ടും മർദനം തുടർന്നുകൊണ്ടിരുന്നു. അടിക്കല്ലെടാ, മതിയെടാ എന്നൊക്കെ പലതവണ പറഞ്ഞെങ്കിലും നീ കരഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ അടി തുടർന്നുകൊണ്ടിരുന്നു. വീണ് പരുക്കേറ്റെന്നാണ് വിദ്യാർഥി വീട്ടുകാരോട് ആദ്യം പറഞ്ഞത്. പിന്നീട് ഈ ദൃശ്യം പ്രചരിച്ചതോടെ ആണ് സംഭവം പുറത്തറിയുന്നത്. കുട്ടിക്ക് ചെവിയ്ക്കും തോളിനും പരുക്കുണ്ട്.