വയനാട് കല്‍പ്പറ്റയില്‍ പതിനാറുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച കേസില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി പിടിയില്‍. ചികില്‍സയെന്ന വ്യാജേന ആശുപത്രിയില്‍ കഴിഞ്ഞ മുഹമ്മദ് നാഫി ആണ് അറസ്റ്റിലായത്. ഇതേസംഘം, പത്താംക്ലാസുകാരനെ മര്‍ദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നു
ക്രൂരമായ ആക്രമണത്തിന്‍റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ 18കാരനായ പ്രതി മുഹമ്മദ് നാഫി ആണ് അറസ്റ്റിലായത്. ചികിത്സ എന്ന വ്യാജേന മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു പ്രതി. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരും ഇന്ന് പിടിയിലായി.
ഇതോടെ മര്‍ദനത്തില്‍ ഉള്‍പ്പെട്ട നാലുപേരും കസ്റ്റഡിയിലായി. വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസ്. അതേസമയം, ഈ കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ ഒരു പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മര്‍ദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നു. അഞ്ച് മാസം മുന്‍പ് കല്‍പ്പറ്റ ടൗണില്‍ വച്ചുനടന്ന സംഭവമാണിത്.
രണ്ടാമത്തെ മര്‍ദന കേസില്‍ ഒരു പ്രതി കൂടി പിടിയിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കൗണ്‍സിലിങ്ങിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറും.