വളര്‍ത്തുനായ പിന്നാലെയോടിയതിനെ തുടര്‍ന്ന് ഫ്ലാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും വീണു ഇലക്ട്രീഷ്യനു ദാരുണാന്ത്യം. പൂനെയിലാണ് സംഭവം. കാസ്ബ പേട്ട് സ്വദേശിയായ രമേഷ് ഗെയ്ക്വാദ് (45) ആണ് മരിച്ചത്. സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
ഗെയ്ക്വാദും സുഹൃത്തും അറ്റകുറ്റപ്പണികള്‍ക്കായാണ് ഫ്ലാറ്റിന്റെ മൂന്നാംനിലയിലെത്തിയത്. ഗോവണി വഴി കയറിവന്ന ഇരുവര്‍ക്കും നേരെ നാലാം നിലയില്‍ നിന്നും വളര്‍ത്തുനായ കുതിച്ചെത്തി. ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. നായ പിന്നാലെയോടിയപ്പോള്‍ ഭയന്നോടിയ രമേഷ് ബാലന്‍സ് നഷ്ടപ്പെട്ട് കൈവരികള്‍ക്ക് മുകളിലൂടെ താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഗെയ്ക്വാദിന്റെ ഭാര്യ ജയ, ഫറാസ്ഖാന പോലീസിൽ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. നായയുടെ ഉടമയ്ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 106-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ഫറാസ്ഖാന പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് ഗോരെ പറഞ്ഞു. അതേസമയം ഉടമ പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നായയെ വളര്‍ത്താനുള്ള ലൈസന്‍സ് എടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രമേഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും പരിഗണിച്ചാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.