Image:X @ndtv

  • 31കാരന് നിഷ്ക്രിയ ദയാവധം
  • സുപ്രീംകോടതിയുടെ ചരിത്രവിധി
  • തീരുമാനം മാതാപിതാക്കളുടെ അപേക്ഷയില്‍

13 വര്‍ഷമായി മൃതപ്രാണനായി കിടന്ന 31കാരന് ദയാവധം അനുവദിച്ച് സുപ്രീംകോടതി. മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. നിഷ്ക്രിയ ദയാവധം സംബന്ധിച്ച് ഒരു നിയമനിര്‍മാണം പരിഗണിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിലവിൽ ഇന്ത്യയിൽ ദയാവധം അനുവദനീയമാണെങ്കിലും, രോഗിയുടെ മാനസിക ശാരീരിക അവസ്ഥയെക്കുറിച്ച് രണ്ട് മെഡിക്കൽ ബോർഡുകളുടെ അഭിപ്രായം പഠിച്ച ശേഷം മാത്രമേ സുപ്രീം കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. 2013ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേയാണ് ഹരീഷ് റാണ പേയിങ് ഗസ്റ്റായി താമസിച്ച കെട്ടിടത്തിന്‍റെ നാലാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റത്.

അന്ന് മുതല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് റാണ ജീവിച്ചത്. കൃത്രിമ ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി ട്യൂബും, ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഘടിപ്പിച്ച് പൂർണ്ണമായും കിടപ്പിലായ അവസ്ഥയിലായിരുന്നു യുവാവ്.2013ല്‍ ചികിത്സയ്ക്കു പിന്നാലെ ഹരീഷ് റാണയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും തലച്ചോറിനേറ്റ ക്ഷതം മരണത്തിനു തുല്യമായ അവസ്ഥയിലേക്ക് റാണയെ മാറ്റിക്കഴിഞ്ഞിരുന്നു. ഉറങ്ങിയും ഉണര്‍ന്നും അവന്‍ 13 വര്‍ഷങ്ങള്‍ തളളിനീക്കി. ഇക്കാലയളവില്‍ ഒരു തരത്തിലുള്ള മാറ്റവും ഹരീഷ് റാണയുടെ ആരോഗ്യാവസ്ഥയില്‍ വന്നില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതോടെയാണ് കോടതി ദയാവധം അനുവദിച്ചത്. 

ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷ് റാണയുടെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ചത്.വ്യക്തികൾക്ക് മരണം തിരഞ്ഞെടുക്കാമോ എന്ന് കോടതികളോട് ചോദിക്കുമ്പോൾ ഈ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ഷേക്സ്പിയറുടെ ഹാംലെറ്റിലെ ‘ജീവിക്കണോ മരിക്കണോ’(To be or not to be) എന്ന വിഖ്യാതവചനവും ഹര്‍ജി പരിഗണിക്കവേ കോടതി പരാമര്‍ശിച്ചു. ജീവനെ പിടിച്ചുനിര്‍ത്തുന്ന സംവിധാനങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ അടിസ്ഥാനമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ആ തീരുമാനം രോഗിയുടെ ഏറ്റവും നല്ലതിനായിരിക്കണം, അതൊരു വൈദ്യചികിത്സയായി കണക്കാക്കാന്‍ കഴിയുന്നതാവണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 
Supreme Court Grants Euthanasia in Landmark Case:

Supreme Court has granted euthanasia to a 31-year-old man who was in a vegetative state for 13 years, considering his parents' plea. This landmark decision highlights the evolving legal and ethical considerations surrounding end-of-life choices in India.