ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ ഇന്ത്യയും ഇന്തൊനീഷ്യയും. ബ്രഹ്മോസിന്റെ കോസ്റ്റൽ വകഭേദമാകും ഇന്തൊനീഷ്യ വാങ്ങുക. നേരത്തെ ഇന്തൊനീഷ്യൻ പ്രതിരോധമന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു. എത്ര കോടി രൂപയുടെ കരാറാണെന്ന് വ്യക്തമല്ല. എത്ര ബാറ്ററികൾ ഇന്തൊനീഷ്യ വാങ്ങും എന്നതിലും അന്തിമ തീരുമാനമായിട്ടില്ല. കരാർ യാഥാർഥ്യമാകുമ്പോള്‍ ഫിലിപ്പീൻസിന് ശേഷം ബ്രഹ്മോസ് മിസൈൽ വാങ്ങുന്ന രണ്ടാമത്തെ വിദേശ രാജ്യമായി ഇന്തൊനീഷ്യ മാറും. 2022 ജനുവരിയിൽ 375 മില്യൺ ഡോളറിന് ഫിലിപ്പീൻസുമായി ഇന്ത്യ സമാനമായ കരാർ ഒപ്പിടുകയും ബ്രഹ്മോസ് മിസൈലുകള്‍ കൈമാറുകയും ചെയ്തിരുന്നു.

മിസൈലിന്റെ വില, യൂണിറ്റുകളുടെ എണ്ണം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവയിലാണ് ഇപ്പോൾ ചർച്ചകൾ തുടരുന്നത്. ഇന്തൊനീഷ്യന്‍ പ്രതിരോധമന്ത്രാലയ വക്താവ് റിക്കോ റിക്കാർഡോ സിറൈറ്റ് ഇന്നലെ പറഞ്ഞത് നാവിക സേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ബ്രഹ്മോസിന്റെ നാവിക പതിപ്പിലാണ് താൽപ്പര്യമെന്നാണ്. 2025 ജനുവരിയിൽ ഇന്തൊനീഷ്യന്‍ നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് അലി ബ്രഹ്മോസ് എയ്‌റോസ്‌പേസ് സന്ദർശിച്ചിരുന്നു. ഇന്തൊനീഷ്യന്‍ യുദ്ധക്കപ്പലുകളിൽ മിസൈൽ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ 2018ൽ തന്നെ ബ്രഹ്മോസ് സംഘം ഇന്തൊനീഷ്യയിലെ സുരബായയിലുള്ള കപ്പൽശാല സന്ദർശിച്ചിരുന്നു. ബ്രഹ്മോസിന് പുറമെ ഇന്തൊനീഷ്യയ്ക്ക് തീരദേശ റഡാറുകളും

കപ്പൽ നിർമാണത്തിനുള്ള സ്റ്റീലും സുഖോയ് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യവും നല്‍കാമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.കരാര്‍ ഒപ്പിടുമ്പോള്‍ ഇന്തൊനീഷ്യ ബ്രഹ്മോസ് ഇടപാടിനായി ഏകദേശം 450 മില്യൺ യുഎസ് ഡോളര്‍ ചെലവിടുമെന്നാണ് സൂചന. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ നിര്‍ണായക ചുവടുവയ്പ്പാകും ഇന്തൊനീഷ്യയുമായുള്ള പ്രതിരോധ ഇടപാട്. ബ്രഹ്മോസ് ഇടപാടില്‍ ഫിലിപ്പീൻസ് ‘വലിയ തൃപ്തി’ അറിയിച്ചിരുന്നു. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള സന്നദ്ധതയും ഫിലിപ്പീന്‍സിനുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെ സൈനിക, ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ബ്രഹ്മോസ് മിസൈലുകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. സുഖോയ് – 30 എംകെഐ എന്ന യുദ്ധവിമാനത്തില്‍ മാത്രമാണ് ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും റഷ്യന്‍ കമ്പിനിയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. ശബ്ദത്തേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽബ്രഹ്മോസ് സഞ്ചരിക്കും. ഈ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ശത്രുരാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ബ്രഹ്മോസിനെ തടയുക ബുദ്ധിമുട്ടാണ്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്ത് നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ചുരുക്കം മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.

ENGLISH SUMMARY:

Indonesia is in advanced talks to procure the Brahmos missile from India in a deal estimated at $450 million. Following the Philippines, Indonesia is set to become the second international buyer of this supersonic cruise missile, specifically focusing on its naval and coastal variants to bolster maritime security.