TOPICS COVERED

ക്ലാസ് സമയത്ത് വിദ്യാര്‍ഥികളെ കൊണ്ട് കാല്‍ തിരുമ്മിപ്പിച്ച് അധ്യാപിക. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ട്രൈബല്‍ സ്കൂളിലാണ് സംഭവം. വിഡിയോ വൈറലായതോടെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കസേരയില്‍ അധ്യാപിക കാലും നീട്ടി ഇരിക്കുകയും സ്കൂള്‍ യൂണിഫോമില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ നിലത്തിരുന്ന് കാലില്‍ മസാജ് ചെയ്യുന്നതുമാണ് വിഡിയോ. 

ശ്രീകാകുളം ജില്ലയിലെ ബന്ദപ്പള്ളി ട്രൈബല്‍ ഗേള്‍സ് ആശ്രം സ്കൂളിലാണ് സംഭവം. വൈ. സുജാത എന്ന അധ്യാപികയാണ് സ്കൂള്‍ സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ തിരുമ്മിപ്പിച്ചത്. കുട്ടികള്‍ മസാജ് ചെയ്യുമ്പോള്‍ അധ്യാപിക ഫോണില്‍ സംസാരിച്ചിരിക്കുകയാണ്. 

ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ അധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആദിവാസി വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയെന്നും  അധികാരം ദുരുപയോഗം ചെയ്തു എന്നുമാണ് അധ്യാപികയ്ക്കെതിരായ പരാതി.  ‌ ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തനിക്ക് കാല്‍മുട്ട് വേദനയാണെന്നുമായിരുന്നു അധ്യാപിക നല്‍കിയ വിശദീകരണം. 

നടക്കുന്നതിനിടെ  കാല്‍വഴുതി വീഴാൻ പോയി, ഈ സമയം വിദ്യാർത്ഥികൾ സഹായിക്കുകയായിരുന്നു എന്നും അധ്യാപിക വിശദീകരിച്ചു. വിഡിയോയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യസ വകുപ്പ് അധികൃതര്‍ ഇവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ENGLISH SUMMARY:

Teacher Suspended for Student Foot Massage. An Andhra Pradesh teacher was suspended after a video went viral showing students massaging her feet during school hours, sparking outrage and an investigation.