Lakhimpur Kheri: Chief Minister Yogi Adityanath addresses a gathering during an event where he announced the renaming of Mustafabad village to Kabirdham, in Lakhimpur Kheri, Uttar Pradesh, Monday, Oct. 27, 2025. (PTI Photo) (PTI10_27_2025_000186B)
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്‍റെ പേരു മാറ്റി. 'കബീര്‍ ധാം' എന്നാണ് ഗ്രാമത്തിന്‍റെ പുതിയ പേരെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഗ്രാമത്തില്‍ നടന്ന സ്മൃതി പ്രകടോത്സവ് മേളയില്‍ പങ്കെടുക്കുന്നതിനിടെയാണ് പേരുമാറ്റം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പ്രദേശത്ത് ഒരു മുസ്ലിം കുടുംബം പോലും താമസിക്കുന്നില്ലെന്നും അതിനാല്‍ മുസ്തഫാബാദെന്ന പേര് ആവശ്യമില്ലെന്നും യോഗി പറഞ്ഞു. 'ഇവിടെ എത്തിയപ്പോള്‍ ഗ്രാമത്തെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോഴാണ് ഇതിന്‍റെ പേര് മുസ്തഫാബാദ് എന്നാണെന്ന് അറിഞ്ഞത്. ഇവിടെയുള്ള മുസ്ലിം ജനസംഖ്യയെ കുറിച്ച് ആരാഞ്ഞതും ഒരാള്‍ പോലും ഗ്രാമത്തില്‍ ഇല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതോടെയാണ് ഗ്രാമത്തിന്‍റെ പേര് മാറ്റാമെന്ന് തീരുമാനിച്ചത്'- എന്നായിരുന്നു യോഗിയുടെ വാക്കുകള്‍.
ഗ്രാമവാസികള്‍ തന്നോട് അഭ്യര്‍ഥിച്ചത് പ്രകാരമാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അയോധ്യയുടെയും പ്രയാഗ് രാജിന്‍റെയും പേരുകള്‍ ഫൈസാബാദെന്നും അലഹബാദെന്നുമെല്ലാം നേരത്തെ ചിലര്‍ മാറ്റിയിരുന്നു. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായിരുന്നു ഇത് ചെയ്തത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അയോധ്യയും പ്രയാഗ്രാജും മടക്കിക്കൊണ്ടു വന്നു. അവയുടെ മഹത്വപൂര്‍ണമായ പാരമ്പര്യവും വീണ്ടെടുത്തു. അതുപോലെ കബീര്‍ ധാമും പാരമ്പര്യം വീണ്ടെടുക്കും'- എന്നും യോഗി വിശദീകരിച്ചു.
77 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളതെന്നാണ് 2011ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെയുള്ള 495 പേരില്‍ 264 പേര്‍ പുരുഷന്‍മാരും 231 പേര്‍ സ്ത്രീകളുമാണ്. ആകെ ജനസംഖ്യയുടെ 24.2 ശതമാനം ആളുകളും പട്ടികജാതിക്കാരാണ്. ബാക്കിയുള്ളവര്‍ ബ്രാഹ്മണ, യാദവ, വര്‍മ വിഭാഗക്കാരാണ് . 2026ഓടെ ഗ്രാമത്തിലെ ജനസംഖ്യ 600 ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.