ഉത്തര്‍പ്രദേശിലെ ജൗൻപൂരില്‍ പുനര്‍ വിവാഹം ചെയ്ത 75 കാരന്‍ പിറ്റേദിവസം മരിച്ചു. ജൗൻപൂരിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം. ഒരു വർഷം മുമ്പ് ആദ്യ ഭാര്യ മരിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രണ്ടാമതും വിവാഹിതനായ സംഗ്രുറാം ആണ് മരിച്ചത്. ഭര്‍ത്താവ് മരിച്ച 40 വയസ്സുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ മൻഭവതിയെ (40) ആണ് സംഗ്രുറാം വിവാഹം ചെയ്തത്.
ആദ്യ വിവാഹത്തിൽ സംഗ്രുറാമിന് കുട്ടികളില്ലായിരുന്നു. ഏകാന്തതയിൽ നിന്ന് മുക്തി നേടാൻ വേണ്ടിയായിരുന്നു പുനർവിവാഹം ചെയ്യാൻ തീരുമാനിച്ചത്. സംഗ്രുറാമിന്‍റെ സഹോദരനും അനന്തരവൻമാരും മറ്റ് നഗരങ്ങളിലായതിനാലും അദ്ദേഹത്തെ പരിപാലിക്കാൻ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാലുമാണ് വീണ്ടുമൊരു കല്യാണത്തിന് സാഹചര്യം ഒരുങ്ങിയത്. അങ്ങിനെ ജൗൻപൂർ ജില്ലയിലെ ബൈജ റാംപൂർ നിവാസിയായ മൻഭവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച മന്‍ഭവതിക്ക് ആദ്യ ഭർത്താവിൽ രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്.
ആവശ്യത്തിന് സ്ഥലവും സ്വത്തും കൃഷിയും സ്വന്തമായി വീടും ഉണ്ടായിരുന്നതിനാല്‍ യുവതിയെയും കുട്ടികളെയും സംരക്ഷിച്ചുകൊള്ളാം എന്ന് ഉറപ്പുനല്‍കിയാണ് സംഗ്രുറാം മാൻഭവതിയെ വിവാഹം കഴിക്കുന്നത്. ശുഭകരമായ ദിവസം കണക്കിലെടുത്ത് നവരാത്രി ദിനങ്ങളില്‍ ഒന്നാണ് വിവാഹത്തിനായി തിരഞ്ഞെടുത്തത്. ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തിൽ സംഗ്രുറാം മൻഭവതിയെ വിവാഹം കഴിക്കുന്നതിന്‍റെയും കുങ്കുമം ചാർത്തുന്നതിന്‍റെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വിവാഹശേഷം സംഗ്രുറാം മൻഭവതിയ്ക്കും കുട്ടികള്‍ക്കുമൊപ്പം തന്‍റെ വീട്ടിലെത്തി. രാത്രി വീടിന് പുറത്തുള്ള ഒരു കട്ടിലിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പിറ്റേന്ന് രാവിലെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സമീപവാസികള്‍ ആശുപത്രിയിൽ എത്തിക്കുകയായികുന്നു. അവിടെ വെച്ച് അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.