TOPICS COVERED

 ശൃംഗേരി ശാരദാപീഠത്തിനു കീഴിലുള്ള ‍‍ഡല്‍ഹി വസന്ത്കുഞ്ചിലെ ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ഭരണസമിതിയംഗം സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ പീഡനപരാതിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചൈതന്യാനന്ദ പെണ്‍കുട്ടികള്‍ക്കയച്ച വാട്സാപ് ചാറ്റുകളാണ് പുറത്തുവന്നത്.

വിദ്യാര്‍ഥിനികളെ തന്‍റെ മുറിയിലെത്തിക്കാന്‍ പലതരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇയാള്‍ നല്‍കിയിരുന്നത്. പെണ്‍കുട്ടികള്‍ വശീകരണത്തില്‍ വീണില്ലെങ്കില്‍ ഭീഷണി എന്നതായിരുന്നു ലൈന്‍. തന്‍റെ മുറിയിലേക്ക് വരണമെന്നും വിദേശയാത്രയ്ക്ക് കൊണ്ടുപോകാമെന്നും എല്ലാ ചെലവും താന്‍ വഹിക്കാമെന്നും ഇയാള്‍ ചാറ്റിലൂടെ വാഗ്ദാനം ചെയ്യുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിയുണ്ട്.

ചാറ്റുകളിലൂടെ മാത്രമായിരുന്നില്ല ചൈതന്യാനന്ദ തന്‍റെ ആവശ്യം കുട്ടികള്‍ക്കു മുന്‍പില്‍വച്ചത്. നേരിട്ടു കാണുമ്പോഴെല്ലാം അശ്ലീലം പറയുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മൊഴിയെടുത്ത 32 വിദ്യാര്‍ഥികളില്‍ 17 പേരും ഇയാള്‍ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തുകയാണെന്നും സൗത്ത് വെസ്റ്റ് ഡല്‍ഹി പൊലീസ് പറയുന്നു. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതായും ഡിസിപി അമിത് ഗോയല്‍ വ്യക്തമാക്കുന്നു.

സ്ഥാപനത്തിലെ വനിതാജീവനക്കാര്‍ സ്വാമിയോട് സഹകരിക്കാനായി വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയതോടെ ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റര്‍ തന്നെയാണ് ഓഗസ്റ്റ് 4ന് ഡിഫന്‍സ് കോളനി സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആ സമയം യുകെയിലേക്ക് കടന്ന ചൈതന്യാനന്ദ കഴി‍ഞ്ഞ ദിവസം ആഗ്രയിലെത്തിയതായും സൂചനയുണ്ട്. ചൈതന്യാനന്ദയുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചതായി ശാരദാപീഠം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ENGLISH SUMMARY:

Swami Chaitanyananda Saraswati is facing serious allegations of sexual harassment based on student complaints. The investigation is ongoing, and authorities are actively searching for him while the Shringeri Sharada Peetham has severed ties.