ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഒരാശ്വാസമാണ്. ഏത് നേരത്തായാലും സുരക്ഷിതമായി എത്തേണ്ടിടത്ത് അധികം ബുദ്ധിമുട്ടില്ലാതെ എത്തിക്കുമെന്ന പ്രതീക്ഷയാണ് ഇത്തരം ടാക്സി സര്‍വീസുകളുടെ വിജയവും. എന്നാല്‍ ഡല്‍ഹിയില്‍ ഊബര്‍ സര്‍വീസ് ബുക്ക് ചെയ്ത് ഭീതിയിലായ അനുഭവം വെളിപ്പെടുത്തുകയാണ് യുവതി.
വീട്ടില്‍ നിന്ന് സുഹൃത്തിന്‍റെ വീട്ടിലേക്ക് രാത്രി 9നാണ് യുവതി ഊബര്‍ ബുക്ക് ചെയ്തത്. മനസമാധാനമുള്ള യാത്ര പ്രതീക്ഷിച്ച യുവതിയെ തേടിയെത്തിയത് പഴക്കം ചെന്ന് പൊള്ളിഞ്ഞ കാര്‍ . എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന ചിന്തയില്‍ മനസില്ലാമനസോടെ യുവതി ആ കാറില്‍ തന്നെ കയറി. പക്ഷേ ഡ്രൈവിങ് സീറ്റിലിരിക്കുന്നയാളെ കണ്ടതോടെ സപ്തനാഡിയും തളര്‍ന്നു. ലഹരിയില്‍ മുങ്ങി വെളിവില്ലാതിരിക്കുകയാണ് ഡ്രൈവര്‍. കാര്‍ മുന്നോട്ടു നീങ്ങി നിമിഷങ്ങള്‍ക്കകം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി. അതോടെ ബ്ലോക്ക് റൂട്ടാണ് ബുക്ക് ചെയ്തതെന്നാരോപിച്ച് ഡ്രൈവര്‍ യുവതിയെ ശകാരിക്കാന്‍ തുടങ്ങി. എന്നാല്‍ യുവതി പ്രതികരിച്ചില്ല. തുടര്‍ന്ന് പുകയും പൊടിയും നിറഞ്ഞ ഭാഗത്തുകൂടി പോയപ്പോള്‍ ഗ്ലാസ് ഉയര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ കേട്ടമട്ടില്ല.
അല്‍പദൂരം കൂടി പോയപ്പോള്‍ ഡ്രൈവര്‍ യുവതിയോട് എന്തിനാണ് തെറ്റായ റൂട്ട് പറഞ്ഞ് തരുന്നതെന്ന് ചോദിച്ച് വീണ്ടും കയര്‍ത്തു. യാത്രാസമയം അധികമൊന്നും യുവതി സംസരിച്ചിരുന്നില്ല. ഡ്രൈവര്‍ മാപ്പ് നോക്കി തെറ്റായ വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് വിജനമായ റോഡില്‍ കയറിയ ഡ്രൈവര്‍ വാഹനത്തിന്‍റെ ഹെഡ്‍ലൈറ്റ് ഓഫാക്കി, 200 മീറ്ററോളം കാര്‍ ഇരുട്ടത്താണ് സഞ്ചരിച്ചത്.
പിന്നില്‍ ഇരുന്ന യുവതി ഭയത്തോടെ കാര്‍ മെയിന്‍ റോഡിലേക്ക് കയറ്റാനും ലൈറ്റ് ഇടാനും പറഞ്ഞു. എന്നാല്‍ യുവതിയാണ് തന്നെ ഈ വിജനമായ റൂട്ടിലെത്തിച്ചത് എന്നായി ഡ്രൈവര്‍. ഒരുവിധം മെയിന്‍ റോഡില്‍ കാറെത്തിച്ച ഡ്രൈവര്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. ഭയന്ന യുവതി ഉടന്‍ തന്‍റെ ഡ്രോപ്പ് ഓഫ് ലൊക്കേഷന്‍ സമീപത്തെ തിരക്കുള്ള മാളിലേക്കാക്കി മാറ്റി. ലൊക്കേഷന്‍ മാറിയതറിയാതെ മാപ്പ് നോക്കി ഡ്രൈവര്‍ യുവതിയെ മാളിലെത്തിച്ചു. പുറത്തിറങ്ങിയ യുവതി ഡ്രൈവറെ പണം കൊടുത്ത് പറഞ്ഞയക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു കാര്‍ ബുക്ക് ചെയ്തു. എന്നാല്‍ പിക്കപ്പ് പോയിന്‍റില്‍ നിന്നും 200 മീറ്റര്‍ മാറി ഇരുട്ടിലാണ് കാര്‍ നിന്നത്. തുടര്‍ന്ന് ഫോണ്‍ വിളിച്ച ഡ്രൈവര്‍ കാറിന് സമീപത്തേക്ക് നടന്നുവരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുട്ടാണ് തനിക്ക് നടക്കാന്‍ പേടിയാണ് മാളിന് മുന്നിലേക്ക് വരുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് കാര്‍ മാളിന് മുന്നിലെത്തി. എന്നാല്‍ കാറില്‍ കയറവെ യുവതി കാറിന്‍റെ നമ്പര്‍ ശ്രദ്ധിച്ചു. ഇത് ഊബറില്‍ ബുക്ക് ചെയ്ത കാര്‍ നമ്പര്‍ ആയിരുന്നില്ല. ഭയന്ന യുവതി കാര്‍ വിട്ട് മാളിനകത്തേക്ക് നടന്നു. എന്നാല്‍ ഡ്രൈവര്‍ യുവതിയെ പേര് വിളിച്ച് കാറിനകത്ത് കയറാന്‍ ആവശ്യപ്പെട്ടു. കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ യുവതിയെ പിന്തുടരുകയും ചെയ്തു. ഭയന്ന യുവതി എസ്കലേറ്ററില്‍ കയറി പിന്തുടര്‍ന്ന ഡ്രൈവറില്‍ നിന്നും അകന്നു. എന്നാല്‍ 10 മിനിറ്റോളം ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. ഒടുവില്‍ ഡ്രൈവറുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ഊബറിനെ മെന്‍ഷന്‍ ചെയ്ത് യുവതി തനിക്കുണ്ടായ ദുരനുഭവം സമുഹമാധ്യമത്തില്‍ കുറിച്ചു. യാത്രികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഊബറിന്‍റെ ഉത്തരവാദിത്വമാണെന്നും ഇനി ഒരിക്കലും താന്‍ ഊബറില്‍ യാത്ര ചെയ്യില്ലെന്നും യുവതി കുറിച്ചു. യുവതിയെ പിന്തുണച്ചും ദുരനുഭവം പങ്കുവച്ചും ഒട്ടേറെപ്പേരാണ് ഇതിനോട് പ്രതികരിച്ചത്.