Image credit: AI

ഡോക്ടറുടെ കുറിപ്പടിയില്ലാതെ എയ്ഡ്സിനുള്ള പ്രതിരോധ മരുന്നെടുത്ത യുവാവ് ഗുരുതരാവസ്ഥയില്‍. ഡല്‍ഹി സ്വദേശിയായ യുവാവാണ് മരുന്നിന്‍റെ റിയാക്ഷനെ തുടര്‍ന്നാണ് അപകടനിലയിലുള്ളത്. ഒട്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവ് എഐ ചാറ്റ് ബോട്ടിന്‍റെ സഹായം തേടിയത്. ഇത് നിര്‍ദേശിച്ചത് അനുസരിച്ച് പോസ്റ്റ് എക്സ്പോഷര്‍ മരുന്നെടുത്ത യുവാവിന് സ്റ്റീവന്‍ ജോണ്‍സന്‍ സിന്‍ഡ്രോം സ്ഥിരീകരിക്കുകയായിരുന്നു. 

എച്ച്ഐവിയുള്ള വ്യക്തിയുമായി രോഗം പകരാന്‍ പാകത്തിലുള്ള സമ്പര്‍ക്കമുണ്ടായാല്‍ മാത്രമാണ് സാധാരണയായി പോസ്റ്റ് എക്സ്പോഷര്‍ മരുന്ന് നല്‍കാറുള്ളത്. ഈ മരുന്ന് 72 മണിക്കൂറിനകവും, രോഗമുണ്ടെന്ന് സംശയിക്കുന്നയാള്‍ എച്ച്ഐവി നെഗറ്റീവെന്ന് തെളിഞ്ഞാല്‍ ഉടനടിയും ഉപയോഗിക്കുന്നത് നിര്‍ത്തേണ്ടതായുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിലൂടെയോ സിറിഞ്ചിലൂടെയോ ആണ് ഇത്തരത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ളത്. 

 എഐയുടെ ഉപദേശപ്രകാരം മരുന്ന് വാങ്ങിയ യുവാവ് 28 ദിവസത്തെ ഫുള്‍ കോഴ്സാണ് വാങ്ങിയത്. ഇത് ഏഴ് ദിവസം ഇയാള്‍ കഴിച്ചു. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ പല ആശുപത്രികളിലും ചികില്‍സ തേടി. ഒടുവിലാണ് റാം മനോഹര്‍ലോഹ്യ ആശുപത്രിയില്‍ എത്തുന്നത്. വിശദമായ പരിശോധനയില്‍ സ്റ്റീവന്‍സ് ജോണ്‍സന്‍ സിന്‍ഡ്രോം കണ്ടെത്തുകയായിരുന്നു. ശരീരത്തിലെ ചര്‍മത്തിനും ശ്ലേഷ്മദ്രവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ ഇതുണ്ടാക്കും. 'യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നു'വെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 

കൃത്യമായ വൈദ്യ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രമേ സാധാരണയായി എച്ച്ഐവി പോസ്റ്റ് എക്സ്പോഷര്‍ മരുന്ന് നല്‍കാറുള്ളൂ. മരുന്ന് നല്‍കുന്നതിന് മുന്‍പ് തന്നെ ചെറിയ ഡോസ് നല്‍കി പരീക്ഷിക്കുകയും ചെയ്യാറുണ്ട്. മതിയായ സുരക്ഷയില്ലാതെ മരുന്നെടുത്താല്‍ ആന്തരിക അവയവങ്ങള്‍ തകരാറിലാകുന്നത് ഉള്‍പ്പടെ ജീവഹാനി വരെ സംഭവിക്കാം. മരുന്ന് സംബന്ധവും ആരോഗ്യപരവുമായ കാര്യങ്ങള്‍ക്ക് നിശ്ചയമായും ആരോഗ്യ വിദഗ്ധരുടെ സേവനമാണ് തേടേണ്ടതെന്നും എഐ പ്ലാറ്റ്​ഫോമുകളെ ആശ്രയിച്ച് അവയുടെ ഉപദേശം സ്വീകരിക്കുകയല്ല വേണ്ടതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. 

 

ENGLISH SUMMARY:

A young man from Delhi is battling for his life after consuming HIV Post-Exposure Prophylaxis (PEP) medication based on advice from an AI chatbot. Following an unprotected sexual encounter, the youth sought guidance from an AI platform, which suggested a 28-day course of PEP. After self-medicating for seven days without a doctor’s prescription, he developed Stevens-Johnson Syndrome (SJS), a rare and life-threatening skin disorder. He is currently admitted to Ram Manohar Lohia (RML) Hospital in critical condition. Doctors warned that PEP should only be administered under strict medical supervision after confirming the partner's HIV status. The misuse of such potent drugs can lead to multi-organ failure or severe allergic reactions like SJS. Medical experts emphasized that AI tools should never replace professional healthcare consultations, especially regarding medication. SJS causes the skin to blister and peel, leading to severe infections and potential death. This incident highlights the growing risks of self-diagnosis through unregulated digital platforms. RML hospital authorities stated they are doing everything possible to save the patient. Public health officials urge citizens to rely only on qualified medical practitioners for diagnostic and treatment procedures to avoid such fatal consequences.