Image Credit: X
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കു വാങ്ങിയ 19കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുറിലാണ് സംഭവം. തനിക്ക് ഡോക്ടറാവാന്‍ ഇഷ്ടമില്ലെന്നും സമ്മര്‍ദം സഹിക്കാന്‍ വയ്യെന്നുമറിയിച്ച് മാതാപിതാക്കള്‍ക്ക് കത്തെഴുതി വച്ചാണ് അനുരാഗ് അനില്‍ ബോര്‍കര്‍ ജീവനൊടുക്കിയത്.
ഓള്‍ ഇന്ത്യ തലത്തില്‍ 1475–ാം റാങ്കുകാരനായിരുന്നു അനുരാഗ്. നീറ്റ് വിജയത്തിന് പിന്നാലെ എംബിബിഎസിന് ഘൊരഖ്പുറില്‍ അഡ്മിഷനും കിട്ടി. ഘൊരഖ്പുറിലേക്ക് പോകാനിരിക്കെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടി തൂങ്ങി മരിച്ചത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ഇന്നായിരുന്നു ഘോരഖ്പുറിലെത്തി എംബിബിഎസ് പ്രവേശനം നേടേണ്ടിയിരുന്നത്.
ആത്മഹത്യാക്കുറിപ്പിലെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അതേസമയം, പഠന സമ്മര്‍ദവും കുടുംബത്തില്‍ നിന്നുള്ള കരിയര്‍ സമ്മര്‍ദവും കൗമാരക്കാരുടെ മാനസികാരോഗ്യം തകര്‍ക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളുടെ അഭിരുചിയറിഞ്ഞ് അതനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാനുള്ള സഹായമാണ് മാതാപിതാക്കള്‍ നല്‍കേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)