TOPICS COVERED

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന എസ്ഡിപിഐ നേതാവ് നെല്ലൈ മുബാറക്കിന്റെ ആവശ്യത്തോട് അനുകൂല മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രവാചകനെക്കുറിച്ചുള്ള ഉള്ളടക്കം ഇതിനകം തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സ്റ്റാലിന്‍ മറുപടി നല്‍കി.

സമത്വവും സ്നേഹവും നിറഞ്ഞ പ്രവാചകൻ മുഹമ്മദിന്റെ ആശയങ്ങളെയും സ്റ്റാലിൻ പ്രശംസിച്ചു. പെരിയാർ ഇ.വി. രാമസ്വാമി, സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവരുടെ ആശയങ്ങളുമായി പ്രവാചകന്റെ ചിന്തകളെ മുഖ്യമന്ത്രി താരതമ്യം ചെയ്തു. 

കൂടാതെ മുസ്ലീം അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഡിഎംകെ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറയുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ തന്ത്രങ്ങളാണിതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. നടന്‍ വിജയ് നയിക്കുന്ന ടിവികെയുടെ സമ്മേളനത്തില്‍ കണ്ട ജനക്കൂട്ടവും ഡിഎംകെയെ ഭീതിയിലാക്കിയിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ക്കൂടി ജനങ്ങള്‍ക്കിടെയിലേക്കിറങ്ങിവന്നുള്ള നീക്കങ്ങളാണ് ഡിഎംകെ നേതാക്കള്‍ ഇപ്പോള്‍ നടത്തുന്നത്. 

വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളെയും സ്റ്റാലിൻ വിമർശിച്ചു. ഡി.എം.കെ.യുടെ നിയമപോരാട്ടങ്ങൾ കാരണമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് തുടങ്ങിയ മുസ്ലീം വിഷയങ്ങളിൽ എ.ഐ.എ.ഡി.എം.കെ. വഞ്ചന കാണിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. 

മുസ്ലീം അവകാശങ്ങൾക്കായുള്ള ഡി.എം.കെ.യുടെ ചരിത്രപരമായ പിന്തുണയെക്കുറിച്ചും സ്റ്റാലിൻ അനുസ്മരിച്ചു. 1969-ൽ കരുണാനിധി മീലാദ്-ഉൻ-നബി അവധി പ്രഖ്യാപിച്ചതും, 2001-ൽ എ.ഐ.എ.ഡി.എം.കെ. ഭരണകാലത്ത് അത് റദ്ദാക്കിയതും, 2006-ൽ ഡി.എം.കെ. അത് പുനഃസ്ഥാപിച്ചതുമുള്‍പ്പെടെ അദ്ദേഹം എടുത്തുപറഞ്ഞു. പ്രവാചകൻ മുഹമ്മദിന്റെ 1500-ാം ജന്മദിനം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

ENGLISH SUMMARY:

Tamil Nadu Chief Minister Stalin supports including Prophet Muhammad in the curriculum. He emphasized the DMK's commitment to protecting Muslim rights and criticized AIADMK's betrayal on Muslim issues.