Image Credit: Rahul Gandhi (ജോസുകുട്ടി പനയ്ക്കല്‍, മനോരമ), AI Image (Right)
വോട്ടു കൊള്ള സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ച കൂട്ടത്തില്‍ തന്‍റെ ഫോണ്‍ നമ്പര്‍ അബദ്ധത്തില്‍ ഉള്‍പ്പെട്ടതോടെ സ്വൈര്യം കെട്ട് യുവാവ്. പ്രയാഗ്രാജ് സ്വദേശിയായ അന്‍ജാനി മിശ്രയെന്ന യുവാവാണ് ഫോണ്‍വിളി ശല്യത്തെ തുടര്‍ന്ന് പൊലീസിനെ സമീപിച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കുന്നതിനായി താന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തിനിടെ തന്‍റെ ഫോണ്‍ നമ്പര്‍ കണ്ട് ഞെട്ടിപ്പോയെന്നും മിശ്ര പറയുന്നു. നമ്പര്‍ പരസ്യമായതിന് പിന്നാലെ നിലയ്ക്കാത്ത ഫോണ്‍ വിളികളായി. 15 വര്‍ഷമായി താന്‍ ഈ നമ്പര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഇതുവരെ ഇങ്ങനെ ഫോണ്‍ വന്നിട്ടില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ശല്യം സഹിക്കാന്‍ വയ്യാതായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും മിശ്ര പറയുന്നു.
രണ്ടു തരം വോട്ടുകൊള്ളയാണ് രാഹുല്‍ഗാന്ധി ഇന്ന് ഉദാഹരണസഹിതം വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഒന്ന് വോട്ട് വെട്ടല്‍. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ 6018 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്നാണ് രാഹുല്‍ ആരോപിച്ചത്. ഇതിനായി സോഫ്റ്റ്വെയര് ഉപയോഗിച്ചുവെന്നും കേന്ദ്രീകൃതമായാണ് കൃത്യം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പേരില്‍ വ്യാജമായി ലോഗിന്‍ ചെയ്തുവെന്ന് സാക്ഷ്യപ്പെടുത്തുവരെയും വാര്‍ത്താസമ്മേളനത്തില്‍ എത്തിച്ചു.
സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ രജുറയില്‍ വോട്ടു ചേര്‍ക്കലും നടന്നു. 6850 വ്യാജവോട്ടുകളാണ് ഇത്തരത്തില്‍ കേന്ദ്രീകൃത നീക്കത്തിലൂടെ ചേര്‍ത്തതെന്നും രാഹുല്‍ വ്യക്തമാക്കി. ഇതെല്ലാം നടന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ അറിവോടെയാണെന്നും രാഹുല്‍ ആരോപിച്ചു. ഇക്കാര്യത്തിൽ കർണാടക സിഐഡി റജിസ്റ്റർ ചെയ്ത അന്വേഷണത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് 18 കത്തുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടും മറുപടി നൽകിയിട്ടില്ല. മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഒരാഴ്ചയ്ക്കകം കര്‍ണാടക സിഐഡിക്ക് മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യമുയര്‍ത്തി. എന്നാല്‍ രാഹുലിന്‍റെ വാദങ്ങള്‍ തെറ്റാണെന്നും അടിസ്ഥാനമില്ലാത്തതാണെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം.