Image Credit:x.com/SarawagiSatish
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തെത്തിച്ച സാന്ഡ്വിച്ചിനുള്ളില് പ്ലാസ്റ്റിക് കയ്യുറ കണ്ടെത്തിയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ രോഷം. സൊമാറ്റോ വഴി ഡല്‍ഹി സ്വദേശിയായ സതീഷ് 'സാലഡ് ഡേയ്സി'ല്‍ നിന്നാണ് സാന്ഡ്വിച്ച് വാങ്ങിയത്. ഡല്‍ഹിയിലെ പ്രശസ്ത ഭക്ഷ്യശൃംഖലകളിലൊന്നാണ് സാലഡ് ഡേയ്സ്. ബ്രഡിന്‍റെ കഷ്ണങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് കയ്യുറ ഇരിക്കുന്നതിന്‍റെ ചിത്രം സഹിതമാണ് സതീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും എന്ത് വിശ്വസിച്ചാണ് ഭക്ഷണം കഴിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.
ബ്രോക്കലി, കോണ്‍, ബേസില്‍ പെസ്റ്റോ എന്നിവ വച്ച സാന്ഡ്വിച്ചും സ്മോക്ക്ഡ് കോട്ടേജ് ചീസും പെപ്പര്‍ സാന്‍ഡ്വിച്ചുമാണ് സതീഷ് ഓര്‍ഡര്‍ ചെയ്തത്. 'ഞാന്‍ സാന്ഡ്വിച്ചാണ് ഓര്‍ഡര്‍ ചെയ്തത്. പക്ഷേ കിട്ടിയ ഭക്ഷണത്തില്‍ പ്ലാസ്റ്റിക് ഗ്ലൗസുണ്ടായിരുന്നു. ഇത് അംഗീകരിക്കാനാവുന്നതല്ല. മാത്രവുമല്ല,ഗുരുതരമായ വൃത്തിയില്ലായ്മയെ കൂടിയാണ് ഇത് കാണിക്കുന്നത്. എത്രയും വേഗം നടപടിയെടുക്കുമല്ലോ എന്നായിരുന്നു സതീഷിന്‍റെ ട്വീറ്റ്.
സതീഷിന്‍റെ ട്വീറ്റ് കണ്ട് ഞെട്ടിപ്പോയെന്നും നേരിട്ട പ്രയാസത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും റസ്റ്റൊറന്‍റുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ വിവരം അറിയിക്കാമെന്നുമായിരുന്നു സൊമാറ്റോ മറുപടി നല്‍കിയത്. അതേസമയം, സംഭവത്തില്‍ സാലഡ് ഡേയ്സ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. സാന്ഡ്വിച്ച് തയ്യാറാക്കിയ ശേഷം കയ്യില്‍ ഇടുന്ന ഗ്ലൗസ് വേസ്റ്റ് പാത്രത്തില്‍ കളയുകയാണ് പതിവായി ചെയ്യുന്നത്. സാന്ഡ്വിച്ച് തയ്യാറാക്കിയ ആള്‍ അശ്രദ്ധ കാരണം ബ്രഡിനുള്ളില്‍ വച്ചതാകാമെന്ന് ചിലര്‍ പോസ്റ്റിന് ചുവടെ കുറിച്ചിട്ടുണ്ട്. സാന്ഡ്വിച്ച് മുറിച്ച് കഴിക്കാന്‍ തോന്നിയത് നന്നായെന്നും അല്ലെങ്കില്‍ എന്തുചെയ്തേനെ എന്നും ചിലര്‍ ആശങ്ക പങ്കുവച്ചിട്ടുണ്ട്.