AI Generated Image
ഹോളി ആഘോഷത്തിനിടെ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 26 വയസ്സുകാരൻ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഉത്തംനഗർ ജെജെ കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
തരുൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്. ഹോളി ആഘോഷിക്കുന്നതിനിടെ വീടിന്റെ മട്ടുപ്പാവിലിരുന്ന് 11 വയസ്സുകാരി എറിഞ്ഞ വാട്ടർ ബലൂൺ റോഡിൽ വീണു പൊട്ടി മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുടെ ദേഹത്ത് ചായം തെറിച്ചതാണ് തർക്കത്തിന് കാരണമായത്.
ചായം തെറിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു സംഘം ആളുകൾ തരുണിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തരുണിന്റെ നെഞ്ചിൽ വലിയ കല്ല് എടുത്തെറിഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. സംഘർഷത്തിൽ ഇരുഭാഗത്തുമുള്ള നിരവധി പേർക്ക് പരുക്കേറ്റു. എന്നാല്‍ തരുണിന് ഈ തർക്കത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഹോളി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ആക്രമിക്കപ്പെടുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ ഉത്തംനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം നടത്തി. പ്രതികളുടെ വീടിന് നേരെ ആക്രമണശ്രമം ഉണ്ടായതിനെത്തുടർന്ന് പൊലീസ് ഇടപെട്ടു. ക്രമസമാധാനം നിലനിർത്താൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ചിലരെ കസ്റ്റഡിയിലെടുത്തതായും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിഹാരിക ഭട്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പുനൽകി. പ്രദേശവാസികൾ സമാധാനം പാലിക്കണമെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.