കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ദൃശ്യകൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതി വിനീഷ് അച്ഛനെ ഫോണില്‍ വിളിച്ചതായി പൊലീസ് കണ്ടെത്തി. വിനീഷ് രക്ഷപ്പെട്ട് രണ്ടുമാസം കഴിഞ്ഞിട്ടും പൊലീസിന് ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29ന് രാത്രിയാണ് വിനീഷ് സെല്ലിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. രണ്ടുമാസം കഴിഞ്ഞിട്ടും വിനീഷിനെ പിടികൂടാനാവാത്തെ ഇരുട്ടില്‍തപ്പുകയാണ് പൊലീസ്. ഇതിനിടെ, മൂന്നാഴ്ച മുമ്പ് വിനീഷ് അച്ഛന്‍ വിനോദിനെ ഫോണില്‍ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ വിനീഷിന്‍റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മുംബൈയിലാണ്. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. വിനീഷിന് ഒളിവില്‍ കഴിയാന്‍ ജയില്‍ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാവുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം വിവാഹവാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് വിനീഷ് കൊലപ്പെടുത്തിയ ദൃശ്യയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം തുടരുകയാണ്.
മാനസികാരോഗ്യകേന്ദ്രത്തിന് സമീപമുള്ള നൂറോളം സിസിടിവികള്‍ വീണ്ടും അന്വേഷണസംഘം പരിശോധിക്കും. വിനീഷ്, ഹോട്ടല്‍ തൊഴിലാളിയായി കര്‍ണാടകയില്‍ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. പൊലിസ് എത്തിയപ്പോഴേയ്ക്കും അവിടെനിന്ന് കടന്നുകളയുകയായിരുന്നു.