1. പ്രതിയെ കൊടതിയില്‍ ഹാജരാക്കിയപ്പോഴുള്ള ചിത്രം  (ഫോട്ടോ ക്രെഡിറ്റ്: X/@M9USA). 2. എഐ ചിത്രം

1. പ്രതിയെ കൊടതിയില്‍ ഹാജരാക്കിയപ്പോഴുള്ള ചിത്രം (ഫോട്ടോ ക്രെഡിറ്റ്: X/@M9USA). 2. എഐ ചിത്രം

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയറായ ഇന്ത്യൻ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ വർഷം ഒക്‌ടോബർ 27-ന് രാജിത സബ്ബിനേനി (27) മരിച്ച സംഭവത്തിലാണ് ഭർത്താവ് അവിനാഷ് നാർണയെ ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.  

ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന അപാർട്‌മെന്റിലാണ് രാജിതയെ  മരിച്ച നിലയിൽ കണ്ടെത്തിയത്.  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അവൾ ശുചിമുറിയിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് ശുചിമുറിയുടെ  വാതിൽ പൊളിച്ച് നോക്കുമ്പോൾ രാജിത നിലത്ത് ചലനമറ്റ് കിടക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ യുവതി മരണപ്പെട്ടുവെന്ന് ബോധ്യമായതോടെ പൊലീസ് അവിനാഷിനെ ചോദ്യം ചെയ്തു.  താൻ സാധനം വാങ്ങാൻ പോയി തിരികെവന്നപ്പോഴേക്കും ഭാര്യ ശുചിമുറിയിലായിരുന്നുവെന്നും വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും അവിനാഷ് പറഞ്ഞു. എന്നാൽ, അവിനാശ് പുറത്തുപോയ സമയം മറ്റാരും വീട്ടിലേക്ക് വന്നിട്ടില്ലെന്ന് സിസിടിവി നോക്കിയപ്പോൾ വ്യക്തമായി. 

പൊലീസിന് ഭർത്താവിനെ സംശയം തോന്നിയെങ്കിലും തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല, അയാളെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ

കഴുത്തുഞെരിച്ചത് മൂലമുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്ന് വ്യക്തമായി.  വർഷങ്ങളായി ഒരു ഇന്ത്യൻ യുവതിയുമായി അവിനാഷിന് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അതിനിടെയാണ് രാജിതയെ 2025 ജൂൺ 5-ന്  കല്യാണം കഴിച്ചത്. കല്യാണത്തിന് അവിനാഷിന്റെ കാമുകിയും വന്നിരിന്നുവെന്ന് വിവാഹ ആൽബത്തിൽ നിന്ന് വ്യക്തമായി. രാജിതയെ വിവാഹം ചെയ്ത ശേഷവും ഇരുവരും ബന്ധം തുടരുകയായിരുന്നു. 

സംഭവദിവസം അവിനാഷ് പലവട്ടം കാമുകിയെ ഫോണിൽ വിളിക്കുകയും ഭാര്യയെ കൊന്ന ശേഷം അവളുടെ ചിത്രങ്ങൾ  അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. വീട്ടിൽ വെക്കുന്ന ഭക്ഷണത്തിന് കയ്‌പ് അനുഭവപ്പെടുന്നുവെന്നും അതെന്താണെന്നും ചോദിച്ച് രാജിത ഭർത്താവിന് അയച്ച മെസേജുകളും തെളിവായി. മരിച്ച അന്ന് കഴിച്ച ഭക്ഷണത്തിന് മരുന്നിന്റെ രുചിയായിരുന്നെന്നാണ് രാജിത അവിനാഷിന് സന്ദേശം അയച്ചത്.  

ENGLISH SUMMARY:

Software engineer arrested for his wife's murder in the US. Police apprehended Avinash Narne in connection with the death of Rajitha Sabbineni, who was found unresponsive in their apartment.