Untitled design - 1

ഭാര്യയുടെ മൊബൈലിലേയ്ക്ക് സന്ദേശമയച്ച  യുവാവിന്‍റെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച എസ്ഐയ്ക്ക്  പണി കൊടുത്ത്  മനുഷ്യാവകാശ കമ്മിഷന്‍. 2023 ല്‍ ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. 

കുടുംബ കോടതിയിൽ വിവാഹമോചന കേസ്  നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പേരിൽ ഭര്‍ത്താവ് ചിറയിന്‍കീഴ് കുറക്കട സ്വദേശി ശ്രീനാഥിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസാരത്തിനിടെ പ്രകോപിതനായ എസ് ഐ സുമേഷ് ലാലാണ് ശ്രീനാഥിന്‍റെ മുഖത്തേയ്ക്ക് നീറ്റലുണ്ടാക്കുന്ന ദ്രാവകം സ്പ്രേ ചെയ്തത്. 

മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയപ്പോള്‍ ജില്ലാ പൊലീസ് മേധാവി പരാതി ശരിയാണെന്ന്  മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു.  തുടർന്ന് ഐ.ജി യുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കമ്മിഷന്‍റെ  അന്വേഷണ വിഭാഗവും അന്വേഷണം നടത്തി എസ് ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു .

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കമ്മിഷൻ റജിസ്ട്രാറെ ഇക്കാര്യം അറിയിച്ചത്.  ഇക്കഴിഞ്ഞ മാർച്ച് 15 നാണ് പരാതിക്കാരനായ ചിറയിൻകീഴ് സ്വദേശിക്ക് 50,000 രൂപ നൽകാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടത്.  തുക സർക്കാർ നൽകിയ ശേഷം എതിർകക്ഷിയായ എസ്.ഐയുടെ ശമ്പളത്തിൽ നിന്നും  ഈടാക്കാനും കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on a significant Human Rights Commission ruling where a Sub-Inspector has been penalized for spraying pepper spray on a man's face. This incident occurred in 2023 at the Chirayinkeezhu police station following a family court dispute.