Kishtwar: Houses are damaged after a cloudburst, in Kishtwar district, Jammu and Kashmir, Thursday, Aug. 14, 2025. (PTI Photo) (PTI08_14_2025_000258B)
ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാരുള്‍പ്പടെ 46 പേരുടെ മരണം സ്ഥിരീകരിച്ചു. നൂറിലേറെപ്പേരെ കാണാനില്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസമയത്ത് സ്ഥലത്ത് ആയിരത്തിലധികം പേരുണ്ടായിരുന്നെന്നാണ് കണക്കുകള്‍.
ചഷോതി ഗ്രാമത്തില്‍ ഇന്നലെ ഉച്ചയോടെയാണ് വന്‍ മേഘവിസ്ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെളിയുടെയും മണ്ണിന്‍റെയും മറ്റ് അവശിഷ്ടങ്ങളുടെയും അടിയില്‍ നിന്ന് 167 പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവനിലേക്ക് വലിച്ചെടുത്തത്. ഇവരില്‍ 38 പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.
ഹിമാലയന്‍ പുണ്യകേന്ദ്രമായ മാതാ ചാന്ദിയിലേക്കുള്ള വാഹനമെത്തുന്ന അവസാനത്തെ ഗ്രാമമാണ് ചഷോതി. ഇവിടെ നിന്നാണ് മചെയ്ല്‍ മാത യാത്ര ആരംഭിക്കുന്നതും. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വര്‍ഷംതോറും നടത്തിവന്നിരുന്ന യാത്ര റദ്ദാക്കി.
ദുരന്തത്തില്‍ ദുഃഖം രേഖപ്പടുത്തിയ പ്രധാനമന്ത്രി സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും ദുരന്തബാധിതര്‍ക്കൊപ്പമാണ് തന്‍റെ മനസെന്നും സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണറും മുഖ്യമന്ത്രിയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു.