AI Generated Image

AI Generated Image

TOPICS COVERED

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച് സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിച്ച എണ്‍പതുകാരന് നഷ്ടപ്പെട്ടത് ഒമ്പതുകോടി രൂപ. ഏകദേശം രണ്ട് വർഷത്തോളം നീണ്ട, 734 ഓൺലൈൻ ഇടപാടുകളുള്ള ഒരു തട്ടിപ്പിലൂടെയാണ് നാലു സ്ത്രീകള്‍ ചേര്‍ന്ന് ഇയാളെ കബളിപ്പിച്ചത്. എന്നാല്‍ ഈ നാലുപേരും ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ സൈബര്‍ സംഘം. മുംബൈയിലാണ് ഈ സൈബര്‍തട്ടിപ്പ് നടന്നത്. 

സ്നേഹത്തിന്റേയും സഹതാപത്തിന്റേയും പേരിലാണ് ഈ എണ്‍പതുകാരന്‍ ചതിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. 2023ലാണ് സംഭവത്തിന്റെ തുടക്കം. 80കാരന്‍ ശര്‍വി എന്ന സ്ത്രീയ്ക്ക് ഫെയ്സ് ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. രണ്ടുപേരും പരസ്പരം അറിയാവുന്നവരല്ലാത്തതുകൊണ്ടുതന്നെ അത് സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇതേ അക്കൗണ്ടില്‍ നിന്നും ഇങ്ങോട്ട് ഒരു റിക്വസ്റ്റ് വന്നു, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. 

താമസിയാതെ ഫോണ്‍ നമ്പറുകള്‍ കൈമാറി ചാറ്റ് ആരംഭിച്ചു, ചാറ്റുകൾ ഫേസ്ബുക്കിൽ നിന്ന് വാട്ട്സ്ആപ്പിലേക്ക് മാറി. ഭർത്താവുമായി പിരിഞ്ഞ് കുട്ടികളോടൊപ്പമാണ് താമസിക്കുന്നതെന്ന് ശർവി 80 വയസ്സുകാരനായ അദ്ദേഹത്തോട് പറഞ്ഞു. തന്റെ കുട്ടികൾക്ക് സുഖമില്ലെന്ന് പറഞ്ഞ് അവർ പതിയെപ്പതിയെ പണം ആവശ്യപ്പെടാൻ തുടങ്ങി.

ദിവസങ്ങൾക്കുശേഷം, കവിത എന്ന പേരുള്ള ഒരു സ്ത്രീയും ഇദ്ദേഹത്തിന് വാട്ട്സ്ആപ്പിൽ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. താൻ ശർവിക്ക് അറിയാവുന്ന ആളാണെന്ന് സ്വയം പരിചയപ്പെടുത്തി, അദ്ദേഹവുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു. താമസിയാതെ, കവിത ഇദ്ദേഹത്തിന് അശ്ലീല സന്ദേശങ്ങൾ അയയ്ക്കാനും പണം ആവശ്യപ്പെടാനും തുടങ്ങി.

അതേ വർഷം തന്നെ ഡിസംബറിൽ, ശർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട ദിനാസ് എന്ന മറ്റൊരു സ്ത്രീയിൽ നിന്നും ഇദ്ദേഹത്തിന് സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങി. ശർവി മരിച്ചുപോയെന്നും ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കണമെന്നും ദിനാസ് ഇദ്ദേഹത്തിനോട് ആവശ്യപ്പെട്ടു. ശർവിയും ഇദ്ദേഹവുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ അയച്ചാണ് ദിനാസ് പണം തട്ടിയെടുത്തത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ദിനാസ് ആത്മഹത്യ ചെയ്യുമെന്നുപറഞ്ഞും ഭീഷണിപ്പെടുത്തി.

80കാരന്റെ ദുരിതം അവിടംകൊണ്ടും അവസാനിച്ചില്ല. ജാസ്മിൻ എന്ന പേരുള്ള ഒരു സ്ത്രീ കൂടി അദ്ദേഹത്തിന് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. താൻ ദിനാസിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട അവര്‍ക്കും ഇദ്ദേഹം പണം നല്‍കി സഹായിച്ചു. ഇങ്ങനെ 2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെ, 734 ഇടപാടുകളിലായി 8.7 കോടി രൂപ നൽകി. തന്റെ സമ്പാദ്യം മുഴുവൻ തീർന്നപ്പോൾ, അദ്ദേഹം സ്ത്രീകൾക്ക് പണം നൽകാനായി മരുമകളിൽ നിന്ന് 2 ലക്ഷം രൂപ കടം വാങ്ങി. എന്നാൽ, ആവശ്യങ്ങൾ അവസാനിച്ചില്ല. തുടർന്ന് അദ്ദേഹം മകനോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു.

സംശയം തോന്നിയ മകന്‍ അച്ഛനെന്തിനാണ് ഇത്രയും പണം എന്നുചോദിച്ചു. കാര്യങ്ങള്‍ മകനോട് തുറന്നുപറഞ്ഞപ്പോഴാണ് സൈബര്‍ തട്ടിപ്പിനിരയായെന്ന് വ്യക്തമായത്. മാത്രമല്ല അദ്ദേഹത്തിന് ഡിമെന്‍ഷ്യ എന്ന മറവിരോഗമുള്ളതായും സ്ഥിരീകരിച്ചു. ഈ വർഷം ജൂലൈ 22-ന് സൈബർ ക്രൈമില്‍ പരാതി റജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ്. 80കാരനെ കബളിപ്പിച്ച ഈ നാല് സ്ത്രീകളും ഒരാൾ തന്നെയാകാം എന്ന സംശയത്തിലാണ് അന്വേഷണസംഘം. 

ENGLISH SUMMARY:

Cyber fraud victimized an 80-year-old man, resulting in a loss of 9 crore rupees. He was defrauded over two years through 734 online transactions by individuals posing as multiple women.