ആറുപേരാല്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട അതിജീവിത നീതിക്കായി സമുദായ പഞ്ചായത്തിനെ സമീപിച്ചു. പ്രതികളെന്ന് ആരോപിക്കുന്നവര്‍ റേപിസ്റ്റുകളല്ല, സംസ്കാരമുള്ളവരെന്ന് പഞ്ചായത്ത് അംഗങ്ങള്‍ വിധിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ അഞ്ച് യുവാക്കളും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി ഉയര്‍ന്നത്. എന്നാല്‍ നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന നാട്ടുകൂട്ടം യുവതിയെ അപമാനിച്ചു വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ട്.
നാട്ടുകൂട്ടത്തില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ അതിജീവിത പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നവംബർ 29-ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
27-കാരിയായ യുവതിയും ഭർത്താവും ഗ്രാമത്തിലെ കൃഷിയിടത്തിലെ തൊഴിലാളികളാണ്. രാത്രിയിൽ ദമ്പതികൾ വിശ്രമിക്കുന്ന ഷെഡ്ഡിലേക്ക് പ്രതികളായ ആറുപേരുമെത്തി. തീ കായാനായി തീ കൂട്ടാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് അല്‍പ്പം ദൂരേക്ക് മാറിയ തക്കത്തിന് ആറുപേരും ചേര്‍ന്ന് യുവതിയെ കീഴ്പ്പെടുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. യുവതി ദിവസങ്ങളോളം നിശബ്ദയായി ഇരുന്നെങ്കിലും മാനസികാഘാതം സഹിക്കാനാവാതെ വന്നതോടെ സമുദായ പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപമാനവും അവഗണനയുമാണ് പഞ്ചായത്തംഗങ്ങളില്‍ നിന്നും അതിജീവിത നേരിട്ടത്. പഞ്ചായത്തിലെ അംഗങ്ങളുടെ ബന്ധുക്കളായിരുന്നു പ്രതികളില്‍ പലരും. അവരങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്നും സംസ്കാരമുള്ളവരാണെന്നും അംഗങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഡിസംബര്‍ 8നാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഖാണ്ഡ്വ പോലീസ് സൂപ്രണ്ട് മനോജ് റായ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ബാക്കിയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കും.