china-detained

TOPICS COVERED

ടൂറിസ്റ്റ് വീസയിലെത്തി അനുമതിയില്ലാതെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് പൗരനെ കസ്റ്റഡിയിലെടുത്തു. നവംബർ 19-ന് ടൂറിസ്റ്റ് വിസയിൽ ഡൽഹിയിലെത്തിയ ഹു കോങ്‌തായ് ആണ് പിടിയിലായത്. ഇയാള്‍ ഫോറിനേഴ്‌സ് റീജിയണൽ റജിസ്‌ട്രേഷൻ ഓഫീസിൽ റജിസ്റ്റര്‍ ചെയ്യാതെ ജമ്മു കശ്മീരിലെ ലേ, സൻസ്കർ, കശ്മീർ താഴ്‌വര, തുടങ്ങി വിവിധ ഭാഗങ്ങളിലെത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഇന്ത്യയിലെത്തിയ ശേഷം ഒരു സിം കാര്‍ഡ് വാങ്ങിയ ഹു, മൊബൈലില്‍ സിആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയെക്കുറിച്ച് തിരഞ്ഞതായും പൊലീസ് കണ്ടെത്തി. വീസ ചട്ടങ്ങള്‍ ലംഘിച്ചതുള്‍പ്പെടെയുള്ള സംശയങ്ങളാണ് ഇയാളെ  കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. ഇന്ത്യയെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയോ എന്നറിയാന്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 

വാരാണസി, ആഗ്ര, ന്യൂഡൽഹി, ജയ്പൂർ, സാരാനാഥ്, ഗയ, കുശിനഗർ തുടങ്ങിയ ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ മാത്രമേ ഇയാളുടെ വീസയിൽ അനുമതിയുണ്ടായിരുന്നുള്ളൂ. പക്ഷേ സന്‍സ്കറില്‍ മൂന്ന് ദിവസം തങ്ങി ആശ്രമങ്ങളും തന്ത്രപ്രധാന മേഖലകളും സന്ദര്‍ശിച്ചു. സൈന്യത്തിന്റെ വിക്ടർ ഫോഴ്‌സ് ആസ്ഥാനത്തിന് സമീപമുള്ള ദക്ഷിണ കശ്മീരിലെ ഹവ്രാനിലെ ബുദ്ധവിഹാരം, അവന്തിപ്പോരയിലെ ബുദ്ധമത അവശിഷ്ടങ്ങൾ, ഹസ്രത്ബാൽ ദർഗ, ശങ്കരാചാര്യ ഹിൽ, ദാൽ തടാകം, മുഗൾ ഗാർഡൻ തുടങ്ങിയ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളിലും ഇയാളെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

വീസാ ചട്ടലംഘനത്തെക്കുറിച്ച്  അറിവില്ലായിരുന്നുവെന്നാണ് ഇയാള്‍ ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സ് പഠിച്ചെന്നും കഴിഞ്ഞ 9 വർഷമായി അമേരിക്കയിലാണ് താമസമെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. യാത്രകള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും യുഎസ്, ന്യൂസിലന്റ്, ബ്രസീൽ, ഫിജി, ഹോങ്കോങ് എന്നിവിടങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെന്നും പാസ്‌പോർട്ട് കാണിച്ച് ഇയാള്‍ അവകാശപ്പെട്ടു. ശ്രീനഗർ വിമാനത്താവളത്തിന് സമീപമുള്ള ബുദ്ഗാം ജില്ലയിലെ ഹംഹാമ പോലീസ് പോസ്റ്റില്‍ വച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. 

ENGLISH SUMMARY:

Chinese citizen arrest is the main focus of this article. Hu Kongtai was detained for visiting sensitive areas in India on a tourist visa without permission.