india-iran

TOPICS COVERED

പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കയേറെ. ആഗോള തലത്തില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ക്കപ്പുറം ഇന്ത്യക്ക് നയതന്ത്രപരമായും സാമ്പത്തികമായും വലിയ ഭീഷണിയാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. ചാബഹാര്‍ തുറമുഖത്തിന്‍റെ ഭാവിയും ആശങ്കയിലാണ്.

സംഘര്‍ഷം വ്യാപിച്ചാല്‍ ആദ്യം ബാധിക്കുന്നത് ഇന്ത്യയുടെ ഊര്‍ജസുരക്ഷയെയാണ്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 80 ശതമാനവും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് വരുന്നത്. ഇതില്‍ വലിയൊരു പങ്ക് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ്. ഇതുവഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതിനാല്‍ ഇന്ധന ലഭ്യത പ്രതിസന്ധിയിലാവും. ഇറാനില്‍ നിന്നുള്ള കയറ്റുമതിയും തടസപ്പെടാനിടയുണ്ട്. ക്രൂഡ് ഓയിലിന് ഇപ്പോള്‍ തന്നെ രാജ്യാന്തര തലത്തില്‍ മൂന്നുശതമാനത്തോളം വില വര്‍ധിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ വില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതം ചെറുതല്ല.

വ്യാപാരത്തെയും സംഘര്‍ഷം വലിയ രീതിയില്‍ ബാധിക്കും. ഇന്ത്യയില്‍നിന്ന് കയറ്റി അയക്കുന്ന ബസ്മതി അരിയുടെ 25 ശതമാനം ഇറാനിലേക്കും 20 ശതമാനം ഇറാക്കിലേക്കുമാണ്. സംഘര്‍ഷം തുടരുന്നതിനാല്‍ ഈ രാജ്യങ്ങളിലെ വ്യാപാരികള്‍ക്ക് അരി വാങ്ങാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ല. തേയില, ചോളം എന്നിവയും വന്‍ തോതില്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വ്യാപാരം തടസപ്പെട്ടാല്‍ രാജ്യത്തിന്‍റെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാവും.  ഇറാനിലെ ചാബഹാര്‍ തുറമുഖമാണ് നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ഘടകം. തുറമുഖത്തിനായി ഇതിനോടകം ശതകോടികള്‍ ചെലവിഴിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യക്കുള്ള കവാടമാണ് തുറമുഖം. യു.എസ്. ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഈ ഏപ്രില്‍ വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇളവ് നീട്ടിക്കിട്ടാന്‍ ഇടയില്ല. ചാബഹാറിനായി ചെലവഴിച്ച തുക വെള്ളത്തിലാകുമോ എന്ന ആശങ്ക ശക്തമാണ്. ചൈനയും പാക്കിസ്ഥാനും അവസരം മുതലെടുക്കുമെന്നതും ഇന്ത്യക്ക് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു.

ENGLISH SUMMARY:

India's energy security is under threat as the conflict in Western Asia intensifies, potentially disrupting vital oil supplies passing through the Strait of Hormuz and impacting the nation's economy. The ongoing tensions also pose significant challenges to India's trade, with key exports like Basmati rice facing uncertainty due to disruptions in Iran and Iraq