Image: X, @ndtv
അത്യാഹിത വിഭാഗത്തിലെ സീലിങ് ഫാന്‍ ദേഹത്തേക്ക് പൊട്ടിവീണ് രോഗിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഗുരു തേജ് ബഹാദുര്‍ ആശുത്രിയിലാണ് അപകടം. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് രോഗിയുടെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് മുഹമ്മദ് അക്ബര്‍ (42) എന്ന രോഗിയുടെ ദേഹത്തേക്ക് അത്യാഹിത വിഭാഗത്തിലെ ഫാന്‍ പൊട്ടിവീണത്.
മുന്നു മണിക്കൂര്‍ കഴിഞ്ഞ് ഏതാണ്ട് പന്ത്രണ്ടേകാലോടെ രോഗി മരണമടഞ്ഞു. അതേസമയം തന്നെ അക്ബറിന്‍റെ മരണകാരണം അദ്ദേഹത്തിനുണ്ടായിരുന്ന രോഗബാധയെ തുടര്‍ന്നാണെന്ന രീതിയിലാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 27ാം വാര്‍ഡിലെ സീലിങ് ഫാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് അക്ബറിന്‍റെ വയറിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ന്യൂമോണിയ, ഉയര്‍ന്ന രക്തസമ്മര്‍ദം, മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്നീ രോഗങ്ങള്‍ ബാധിച്ച് ഈ മാസം 18നാണ് അക്ബറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ യഥാ സമയം നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. രോഗികളുടെ സുരക്ഷയുടെ കാര്യത്തിലും കടുത്ത അലംഭാവമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അപകടമുണ്ടായിട്ടും ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ രോഗിയെ പരിശോധിച്ചതെന്നും ഫാനുകളോ എസിയോ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ദൃക്സാക്ഷികളായ രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ഈ അപകടമരണത്തോടെ ആശുപത്രിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.