സ്വന്തം തോട്ടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു. കര്‍ണാടകയിലെ റായ്ച്ചുരിലാണ് സംഭവം. ഭാര്യയും മറ്റു രണ്ടു മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. രമേഷ്(35), നാഗമ്മ(8),ദീപ(6) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച കൊത്തമരയ്ക്ക, റൊട്ടി, ചോറ്, സാമ്പാര്‍ എന്നിവ ചേര്‍ന്നുള്ള ഭക്ഷണം കഴിച്ച ശേഷമാണ് സംഭവം.
അത്താഴം കഴിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആറുപേര്‍ക്കും കടുത്ത വയറുവേദന അനുഭവപ്പെട്ടു. പുലര്‍ച്ചെ നാലുമണിയോടെ വേദന സഹിക്കാനാവാതെ ആശുപത്രിയിലെത്തി. രമേഷും നാഗമ്മയും ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചതായും ദീപ റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ പദ്മാവതിയും രണ്ടു മക്കളും നാട്ടിലെ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. കുടുംബത്തിനുണ്ടായ ദുരന്തം കണ്ട ഞെട്ടലിലാണ് തിമ്മാപൂര്‍ ഗ്രാമം.
രണ്ടേക്കര്‍ സ്ഥലത്ത് പഞ്ഞിക്കൃഷിയും പച്ചക്കറികൃഷിയുമാണ് രമേഷിനുള്ളത്. വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച പച്ചക്കറിക്ക് കീടനാശിനി തളിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞ് ഇതേ പച്ചക്കറിയാണ് രമേഷും കുടുംബവും അത്താഴത്തിനായെടുത്തത്.
കവിതാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കല്‍ബുര്‍ഗി ജില്ലയില്‍ അടുത്തിടെയാണ് സ്കൂളിലെ ഉച്ചക്കഞ്ഞി കഴിച്ച് 25കുട്ടികള്‍ ആശുപത്രിയിലായത്. കടുത്ത വയറുവേദനയും ചര്‍ദിയും വയറിളക്കവും വന്നതിനെത്തുടര്‍ന്നായിരുന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.