AI Generated Image
16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്‍റെ 17-ാം ബജറ്റ് അവതരണ വേളയിലാണ് അദ്ദേഹം ഈ സുപ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചത്. കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കൂടുതൽ സമയം സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്നത് കുട്ടികളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയ്ക്കുകയും, സ്വഭാവ വ്യതിയാനങ്ങൾക്കും മാനസികാരോഗ്യ വെല്ലുവിളികൾക്കും കാരണമാവുകയും ചെയ്യുന്നു എന്ന ആശങ്കയെത്തുടർന്നാണ് ഈ തീരുമാനം. സ്മാർട്ട് ഫോണുകളുടെ അനിയന്ത്രിതമായ ഉപയോഗം സോഷ്യൽ മീഡിയയോടുള്ള അമിത താല്പര്യത്തിന് കാരണമാകുന്നു. അതുവഴി കുട്ടികൾ ദോഷകരമായ ഉള്ളടക്കങ്ങളിലേക്കും ലഹരിമരുന്ന് ശൃംഖലകളിലേക്കും എത്തിപ്പെടാൻ കാരണമാകുന്നുവെന്നാണ് സർക്കാർ വാദം.
ഈ നീക്കത്തിന്‍റെ പ്രായോഗികതയെക്കുറിച്ച് ഞായറാഴ്ച സർക്കാർ സർവകലാശാലാ വൈസ് ചാൻസലർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. എല്ലാ കുടുംബങ്ങളും നേരിടുന്ന വലിയൊരു പ്രശ്നമാണിതെന്ന് കോൺഗ്രസ് എംഎൽഎ റിസ്‌വാൻ അർഷാദ് പ്രതികരിച്ചു.
4,48,004 കോടി രൂപയുടെ ബജറ്റാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്. സാങ്കേതിക വിദ്യയിലൂന്നിയുള്ള വളർച്ച, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്കാണ് ബജറ്റില്‍ പ്രാധാന്യം നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ആഗോളതലത്തിൽ വരുത്തുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാൻ കർണാടക സജ്ജമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.