കർണാടകയിൽ ഭാര്യയെ തൂക്കി കൊന്ന ഭർത്താവ് അറസ്റ്റിൽ. 23 വയസുള്ള യുവതി ജീവനുവേണ്ടി പിടയുന്ന ദൃശ്യം യുവതിയുടെ മാതാപിതാക്കൾക്ക് വിഡിയോ കോൾ ചെയ്തും പ്രതിയുടെ ക്രൂരത തുടർന്നു. ബാഗൽകോട്ട് സ്വദേശി ഭാഗ്യശ്രീ ജിഗലൂരാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രവീൺ ജിഗലൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. തടികൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച ശേഷമാണ് തൂക്കിലേറ്റിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

ബാഗൽകോട്ട് ജില്ലയിലെ ബിലഗി താലൂക്കിലുള്ള ഗലഗലി ഗ്രാമത്തിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭാഗ്യശ്രീ തന്റെ വീട്ടിലായിരുന്നു. എന്നാൽ ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാമെന്നും വിശ്വസിപ്പിച്ച് പ്രവീൺ ഭാഗ്യശ്രീയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ഇരുവരും തമ്മില്‍ വീണ്ടും തർക്കമുണ്ടായി. പ്രകോപിതനായ പ്രവീൺ ആദ്യം തടികൊണ്ട് ഭാര്യയെ ക്രൂരമായി മർദിക്കുകയും പിന്നീട് കിടപ്പുമുറിയിൽ ജീവനോടെ തൂക്കിലേറ്റുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രവീൺ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. യുവതി മരണത്തിനായി മല്ലിടുമ്പോൾ, അത് കാണിക്കാന്‍ പ്രവീണ്‍ യുവതിയുടെ മാതാപിതാക്കളെ വിഡിയോ കോൾ ചെയ്യുകയായിരുന്നു. മാത്രമല്ല, പ്രതി ഈ നടുക്കുന്ന ദൃശ്യം മറ്റു ചില സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ബിലഗി പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച മറ്റു കാരണങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Police in Karnataka's Bagalkot district have arrested a man named Praveen Jigalur for brutally murdering his 23-year-old wife, Bhagyashree, over suspicions of an extramarital affair. The accused had recently brought his wife back from her parental home after promising to resolve earlier family disputes, only for a fresh argument to erupt on Sunday evening. Praveen assaulted Bhagyashree with a wooden stick before hanging her in their bedroom, recording the crime on his phone and video-calling her parents while she was dying. The Bilagi police promptly arrived at the scene in Galagali village, completed inquest procedures, arrested the perpetrator, and launched a comprehensive investigation into the murder.