അധ്യാപികമാര്‍ ലഹരിവില്‍പനയുടെ മുഖ്യവാഹകരമാകുക. അതിലെ ട്വിസ്റ്റുകള്‍ ദിനംപ്രതി പുറത്തേക്ക് വരിക. വടകരയില്‍ യുവാവില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടികൂടിയതില്‍ നിന്നാണ് മൂന്ന് അധ്യാപികമാരിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പിടിയിലായിരിക്കുന്നത്, പേരാമ്പ്ര ബി.ആര്‍.സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക നീഷ്മയാണ്. കോഴിക്കോട് റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ ലഹരിവില്‍പനയുടെ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
കാവ്യയെ ആണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അതാണ് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുന്നതില്‍ നിര്‍ണായകമായത്. അധ്യാപകരുടെ അക്കൗണ്ടടക്കം പരിശോധിച്ച പൊലീസ് ഞെട്ടലിലാണ്. ഒരു വര്‍ഷത്തിനിടെ കീര്‍ത്തനയുടെ അക്കൗണ്ടില്‍ 14 ലക്ഷം രൂപ എത്തിയപ്പോള്‍ കാവ്യയുടെ അക്കൗണ്ടില്‍ 5 മാസത്തിനിടെ 9 ലക്ഷം രൂപയും എത്തി. ഇരുവര്‍ക്കും പണം അയച്ചു നല്‍കിയവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
എംഡിഎംഎ വില്‍പനയുടെ പ്രധാന സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നത് പിടിയിലായ രണ്ട് അധ്യാപകര്‍ വഴിയെന്നാണ് പൊലീസ് കണ്ടെത്തല്‍. ലഹരിമരുന്ന് വാങ്ങിയിരുന്നവര്‍ പണം അയച്ചു നല്‍കിയത് കീര്‍ത്തനയുടെ അക്കൗണ്ടിലേയ്ക്ക്. കൂടുതല്‍ പണം എത്തിയതോടെ സംശയം തോന്നാതിരിക്കാന്‍ കീര്‍ത്തന കാവ്യയുടെ അക്കൗണ്ടിലേയ്ക്ക് തുക മാറ്റി. ഒരു വര്‍ഷത്തിനിടെ കീര്‍ത്തനയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത് 14 ലക്ഷം രൂപയാണ്. കാവ്യയുടെ അക്കൗണ്ടിലേയ്ക്ക് 5 മാസത്തിനിടെ 9 ലക്ഷവും എത്തി.
ഈ വിവരങ്ങളില്‍ നിന്നാണ് മറ്റൊരു പേരായ നീഷ്മയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ബിആര്‍സിയിലെ ഓട്ടിസം സെന്റര്‍ അധ്യാപിക. ആവള കുട്ടോത്ത് സ്വദേശിനി. നീഷ്മയുടെ അക്കൗണ്ട് വഴിയും എം.ഡി.എം.എ കച്ചവടത്തിന്റെ പണം മറിഞ്ഞുവെന്നു കണ്ടെത്തിയതോടെയാണ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപെടുത്തിയത്. നേരത്തെ അറസ്റ്റിലായ കെ.സി. കീര്‍ത്തന, കെ.കാവ്യ എന്നീ അധ്യാപികമാരുടെ അടുത്ത സുഹൃത്തുകൂടിയാണ് നീഷ്മ. അറസ്റ്റിലായ നീഷ്മയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
പിടിയിലായവരുടെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചു നല്‍കിയവരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. വടകര സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസിന്റെ പ്രതികരണത്തിലേക്ക്.
കാവ്യയെയും കീര്‍ത്തനയെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് വടകര കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്‍മേല്‍ നാളെ കോടതി വിധി പറയും. ഇരിട്ടി സ്വദേശിയായ വിതരണക്കാരന്‍ ഏറ്റവും ഒടുവില്‍ കസ്റ്റഡിയിലായിരിക്കുകയാണ്. കൊറിയര്‍ സര്‍വീസ് ജീവനക്കാരന്‍, ജിജിന്‍ കുര്യാക്കോസ്. അക്കൗണ്ടില്‍ ഒരു കോടിയുടെ ഇടപാടെന്നാണ് പൊലീസ് പറയുന്നത്.