odisha-student
  • അധ്യാപകന്‍ നിരന്തരം പീഡിപ്പിച്ചു
  • പരാതിപ്പെട്ടിട്ടും നടപടിയില്ല
  • വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചു

അധ്യാപകന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് പരാതി അവഗണിച്ചതിനെത്തുടര്‍ന്ന് ഒഡിഷയില്‍ ഇരുപതുകാരി സ്വയം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവഗുരുതര നിലയില്‍ ചികില്‍സയിലാണ്. അധ്യാപകനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയാണ് ദാരുണസംഭവം. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ആരോപണ വിധേയനായ അസിസ്റ്റന്‍റ് പ്രഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്പെന്‍ഡ് ചെയ്തു. 

ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളജിലെ ബിരുദവിദ്യാര്‍ഥിനിയാണ് അധ്യാപകനില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയായ സമീര്‍ കുമാര്‍ സാഹു, തന്‍റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അക്കാദമിക് റെക്കോര്‍ഡ‍് കുഴപ്പത്തിലാക്കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടര്‍ച്ചയായപ്പോള്‍ പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കി. ആഭ്യന്തര പരാതിപരിഹാരസമിതിയെയും സമീപിച്ചു.

college-odisha

ഗുരുതര ആരോപണം ഉയര്‍ന്നിട്ടും പരാതി അന്വേഷിക്കാനോ അധ്യാപകനെതിരെ നടപടിയെടുക്കാനോ തയാറാകാതെ പ്രശ്നം മൂടിവയ്ക്കാനും ഒതുക്കിത്തീര്‍ക്കാനുമാണ് പ്രിന്‍സിപ്പലും സഹ അധ്യാപകരും ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഈമാസം ഒന്നുമുതല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരികയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥിനി സുഹൃത്തിനൊപ്പം ബാലാസോര്‍ എംപി പ്രതാപ്‍ചന്ദ്ര സാരംഗിയെ നേരില്‍ക്കണ്ടും പരാതി നല്‍കി. ജീവനൊടുക്കുമെന്നുവരെ അവള്‍ എംപിയോട് പറഞ്ഞു. എന്നാല്‍ പിന്നീടും ഒരു നടപടിയും ഉണ്ടായില്ല. തെളിവില്ലെന്നായിരുന്നു ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിലപാട്.

girl-fire

ചുമതലപ്പെട്ടവര്‍ ആരും തുണയ്ക്കാനില്ലാതെ ആരും കേള്‍ക്കാനില്ലാതെ വന്നതോടെ വിദ്യാര്‍ഥിനി ഇന്നലെ പ്രക്ഷോഭത്തിനിടെ സ്വയം തീകൊളുത്തുകയായിരുന്നു. അടുത്തുനിന്ന സുഹൃത്ത് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റു. ആദ്യം ബാലാസോര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ നില ഗുരുതരമായതോടെ ഭുബനേശ്വര്‍ എയിംസിലേക്ക് മാറ്റി. നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

fire-odisha

ആത്മഹത്യാശ്രമത്തിന് പിന്നാലെ ഒഡിഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു. ആഭ്യന്തര പരാതി പരിഹാരസമിതിയുടെ പ്രവര്‍ത്തനമടക്കം വിശദമായി പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി സൂര്യവന്‍ശി സുരാജ് അറിയിച്ചു. പൊള്ളലേറ്റ വിദ്യാര്‍ഥിയുടെയും രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠിയുടെയും ചികില്‍സാചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇടപെട്ടെന്നും കോളജിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ടെന്നും ബാലാസോര്‍ എംപി പ്രതാപ്‍ചന്ദ്ര സാരംഗി പറഞ്ഞു. 

ENGLISH SUMMARY:

A 20-year-old student in Odisha set herself on fire after the college allegedly ignored her repeated complaints of sexual harassment by a professor. The student is in critical condition with 90% burns, and a classmate who tried to save her also sustained severe injuries. Following the incident, which occurred during a student protest, the accused assistant professor has been arrested and the college principal has been suspended. The Odisha government has now appointed a high-level committee to investigate the matter and has announced it will cover the full medical expenses for both students.