New Delhi 2022 December 22 : Manoj Sinha , Lieutenant Governor of Jammu and Kashmir. former Minister of State for Communications and Minister of State for Railways..@ Rahul R Pattom / Manorama

  • ലഷ്കറെ, ഹിസ്ബുല്‍ സംഘടനകളുമായി ബന്ധമെന്ന് കണ്ടെത്തല്‍
  • പിരിച്ചുവിടല്‍ അന്വേഷണത്തിന് പിന്നാലെ
  • മൂവരെയും ജയിലില്‍ അടച്ചു

ജമ്മുകശ്മീരില്‍ ഭീകരബന്ധം സംശയിക്കുന്ന മൂന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ പിരിച്ചുവിട്ടു. അധ്യാപകനായ അജാസ് അഹമ്മദ്, ശ്രീനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ അസിസ്റ്റന്‍റായ വസീം അഹമ്മദ്, പൊലീസുകാരനായ മാലിക് ഇഷ്ഫാഖ് നസീര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ലഷ്കറെ തയിബ,ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. മൂന്നുപേരെയും പിരിച്ചുവിട്ട വിവരം ജമ്മുകശ്മീര്‍ ലഫ്റ്റനന്‍റ് മനോജ് സിന്‍ഹയാണ് അറിയിച്ചത്. ഭരണഘടനയുടെ 311(2)(സി)  വകുപ്പ് അനുസരിച്ച് ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. 

പിരിച്ചുവിട്ട മൂന്നുപേരെയും ജയിലില്‍ അടച്ചിരിക്കുകയാണ്. പൊലീസുകാരനായ മാലിക് ഇഷ്ഫാഖ്  2007ലാണ് പൊലീസില്‍ ചേര്‍ന്നത്. 2021 ല്‍ ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായതോടെ ഇഷ്ഫാഖിന് മേല്‍ നിരീക്ഷണം തുടങ്ങിയെന്ന് അധികൃതര്‍ പറയുന്നു. ഇഷ്ഫാഖിന്‍റെ സഹോദരനായ മാലിക് ആസിഫ് പാക്കിസ്ഥാനിലെത്തി ലഷ്കറെ പരിശീലനം ലഭിച്ച ഭീകരനായിരുന്നു. ഇയാള്‍ 2018 ല്‍ കൊല്ലപ്പെട്ടിരുന്നു. സേനയിലിരിക്കവേ ലഷ്കര്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ ഇഷ്ഫാഖ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.  ആയുധങ്ങളും സ്ഫോടക വസ്തുക്കളും ലഹരിമരുന്നുമടക്കം എത്തിക്കാനുള്ള സുരക്ഷിത പാത പാക്കിസ്ഥാനിലുള്ളവര്‍ക്ക് ഇഷ്ഫാഖ് കൈമാറിയെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.  ഇത്തരത്തിലെത്തിക്കുന്ന ആയുധങ്ങളും സാമഗ്രികളും ജമ്മുകശ്മീരില്‍ വിതരണം നടത്തിയിരുന്നതും ഇഷ്ഫാഖിന്‍റെ നേതൃത്വത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

സ്കൂള്‍ അധ്യാപകനായി 2011ലാണ് അജാസ് അഹമ്മദ് ചുമതലയേറ്റത്. 2023 ല്‍  പതിവ് പൊലീസ് പരിശോധനയ്ക്കിടെ അജാസിനെ ആയുധങ്ങളും ഹിസ്ബു​ല്‍ അനുകൂല ലഘുലേഖകളുമായി പൊലീസ് പിടികൂടിയിരുന്നു. പാക് അധീന കശ്മീരിലെ കണ്ണിയായ ആബിദ് റംസാന്‍ ഷെയ്ഖാണ് അജാസിനിത് എത്തിച്ചു കൊടുത്തതെന്നും കണ്ടെത്തിയിരുന്നു.  വര്‍ഷങ്ങളായി ഹിസ്ബുളിന്‍റെ വിശ്വസ്തനായി പൂഞ്ച് കേന്ദ്രീകരിച്ച് അജാസ് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

പിടിയിലായ മൂന്നാമന്‍ വസീം അഹമ്മദ് കാന്‍ 2007ലാണ് ശ്രീനഗറില്‍ ജൂനിയര്‍ അസിസ്റ്റന്‍റായി ചുമതലയേറ്റത്. മാധ്യമപ്രവര്‍ത്തകനായ ഷൂജദ് ബുഖാരിയുടെയും അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരുടെയുംകൊലപാതകവുമായി വസീമിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ലഷ്കറെ, ഹിസ്ബുല്‍ ഭീകരര്‍ക്ക് ആവശ്യമായ സഹായം വസീം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ പരിശോധന വേണമെന്നും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായി നടപ്പിലാക്കണമെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഭീകരരോട് അനുഭാവം പുലര്‍ത്തുന്നവരെ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവാദികളെ മാത്രമല്ല, അവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാരില്‍ ഇവര്‍ക്കുള്ള സഹായികളെയും ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അങ്ങനെ വേണം ഭീകരതയുടെ അടിവേരറുക്കാനെന്നതുമാണ് സര്‍ക്കാരിന്‍റെ പുതിയ നയം.  ലഫ്റ്റനന്‍റ് ഗവര്‍ണറായി സിന്‍ഹ 2020 ഓഗസ്റ്റില്‍ ചുമതലയേറ്റതിന് ശേഷം ഇതുവരെ 75ലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ഭീകരബന്ധത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. 

ENGLISH SUMMARY:

Jammu and Kashmir government dismisses a teacher, a junior assistant, and a policeman over alleged links with terror groups like Lashkar-e-Taiba and Hizbul Mujahideen. Action taken under Article 311(2)(c) citing national security concerns.