ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീരിൽ വൻ പ്രതിഷേധം. ശ്രീനഗർ, ബന്ദിപ്പോര, സോനാവാരി എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഖമേനിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും വഹിച്ചുകൊണ്ട് നൂറുകണക്കിന് കശ്മീരി ഷിയ മുസ്ലിംകൾ തെരുവിലിറങ്ങി. ശ്രീനഗറിലെ തെരുവുകളില്‍ കരിങ്കൊടിയും ഖമനയിയുടെ ഛായചിത്രങ്ങളും നിറഞ്ഞു.
ശ്രീനഗറിലെ ഷിയ മുസ്ലിം സമൂഹത്തിന്, അയത്തുള്ള ഖമനേയി ഒരു വിദേശ രാഷ്ട്രീയ നേതാവ് മാത്രമല്ലെന്നും, അതിനുമപ്പുറമായിരുന്നുവെന്നും പ്രതിഷേധക്കാരിൽ ഒരാൾ എഎൻഐയോട് പ്രതികരിച്ചു. ഖമനയിയുടെ കൊലപാതകത്തില്‍ ജനങ്ങള്‍ അതീവദുഖിതരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി ഇസ്രായേലിനെയും അമേരിക്കയെയും വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണവും ലജ്ജാകരവുമായ ഒരു സംഭവമാണിതെന്ന് മുഫ്തി പറഞ്ഞു. ഇറാന്റെ പ്രിയപ്പെട്ട നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിൽ ഇസ്രായേലും യുഎസും വീമ്പിളക്കുന്നുവെന്ന് അവർ കുറ്റപ്പെടുത്തി.
യു.എസ്– ഇസ്രയേല്‍ സംയുക്ത സേന നടത്തിയ 'ഓപ്പറേഷന്‍ എപിക് ഫ്യൂരി' യിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവും നേരത്തെ ഖമനയി മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഖമനയിയുടെ മരണം ഇറാനും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകനും കൊല്ലപ്പെട്ടു. ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നാസിര്‍സാദെയും റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൗറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.