ആപ്പിളിന്റെയും കുങ്കുമപൂവിന്റെയും വിജയ കഥ പറഞ്ഞ ജമ്മു കശ്മീരിലെ കത്വ  ജില്ലയിലെ കർഷകർക്ക് ഇന്ന് പറയാൻ ഒരു പുതിയ കഥയുണ്ട്.  ലിച്ചിപ്പഴങ്ങളുടെ മധുരിക്കുന്ന വിജയകഥ. ഹൈ-ഡെൻസിറ്റി പ്ലാന്റേഷനിലൂടെയുള്ള ലിച്ചി കൃഷിയില്‍ കത്വയെ കുറിച്ച വിജയഗാഥയെ രാജ്യത്തിന് മുന്നില്‍ മാതൃകയായി ഉയര്‍ത്തിക്കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.  

നേരിയ പുറം തോട്. ഉള്ളില്‍ വെളുത്ത പള്‍പ്പ്, അതിനുള്ളില്‍ കുരു. കാഴ്ചയില്‍ റംബൂട്ടാന്‍ കുടുംബാംഗം. കത്വക്കാര്‍ക്ക് അത്ര കണ്ട് വഴങ്ങാത്ത കൃഷിയാണ് ലിച്ചി. ചൂടുകാലത്ത് ഉത്തരേന്ത്യയില്‍ കുതിച്ചുയരുന്ന ലിച്ചി വിലയാണ് കര്‍ഷകരെ ആകര്‍ഷിച്ചത്. ലിച്ചി കൃഷിയില്‍ പല തവണ തോറ്റെങ്കിലും കര്‍ഷകര്‍ പിന്‍മാറിയില്ല. ഹോർട്ടികൾച്ചർ വകുപ്പ് അവതരിപ്പിച്ച 'ഹൈ-ഡെൻസിറ്റി പ്ലാന്റേഷൻ' പദ്ധതിയാണ് മാറ്റത്തിന് തിരികൊളുത്തിയത്. രാഖ് ഹോഷിയാരിയിലെ രൺധീർ രാജ് എന്ന കർഷകൻ 16 ഏക്കറില്‍ നേടിയ മികച്ച വിളവാണ് ജില്ലയിലെ മുഴുവൻ കർഷകർക്കും മാതൃകയാണ്. അങ്ങനെ ചരിത്രത്തിലാദ്യമായി 300 ടണ്ണോളം ലിച്ചിയാണ് കത്വ വിളയിച്ചത്. 

കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നട്ട് പരമാവധി വിളവ് നേടുന്ന കൃഷിരീതിയാണ് ഹൈ-ഡെൻസിറ്റി പ്ലാന്റിംഗ്. സൂര്യപ്രകാശം കൃത്യമായി ഉപയോഗിക്കാനും, സ്ഥലപരിമിതി മറികടക്കാനും സഹായിക്കുന്നു.  'ഷാഹി', 'ചൈന' തുടങ്ങിയ മികച്ചയിനം ലിച്ചികളാണ് കത്വക്കാര്‍ കൃഷി ചെയ്യുന്നത്. നേട്ടത്തിന് പിന്നാലെ കത്വക്കാര്‍ക്ക് അഭിനന്ദവുമായി കേന്ദ്രമന്ത്രിമാരെത്തി. കേരളത്തിലും നിരവധി വിളകളില്‍ പരീക്ഷിക്കാവുന്ന രീതിയാണ് ഹൈ-ഡെൻസിറ്റി പ്ലാന്റിംഗ്. 

ENGLISH SUMMARY:

Litchi farming in Kathu, Jammu and Kashmir, has emerged as a new success story for farmers, surpassing their previous achievements with apples and saffron. The region has showcased a remarkable yield of approximately 300 tons of litchi, primarily through the adoption of high-density plantation techniques, setting a new benchmark for Indian agriculture.