രക്ഷിതാക്കളോട് പിണങ്ങി വീടും നാടുംവിട്ട പെണ്‍കുട്ടികളെ ഒടുവില്‍ ജമ്മു റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കോഴിക്കോട് വടകരയില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കഴിഞ്ഞ ഞായറാഴ്ച വീടുവിട്ടിറങ്ങിയത്. 20 വര്‍ഷമായി വടകരയില്‍ ജീവിക്കുന്ന കൊല്‍ക്കത്ത ഹൂഗ്ലി സ്വദേശിയുടെ 12 വയസുകാരിയായ മകളെയും ബന്ധുവായ 16കാരിയേയും കാണാതായി. ബന്ധുക്കള്‍ ഉടന്‍ വടകര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് ഇരുവരെയും കണ്ടെത്താന്‍ സഹായകമായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടികള്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് വീടുവിട്ടിറങ്ങിയത്. പഠനം നിര്‍ത്തിയ ഇരുവരും ഹിന്ദി മാത്രമേ സംസാരിക്കൂ. തെങ്ങുകയറ്റത്തൊഴിലാളിയായ പിതാവിന്റെ പോക്കറ്റില്‍ നിന്ന് നാലായിരം രൂപയും വസ്ത്രങ്ങളുമെടുത്താണ് ഇവര്‍ യാത്രതിരിച്ചത്. വടകരയില്‍ നിന്ന് ട്രെയിനില്‍ യാത്രതിരിച്ച ഇരുവരും ഡല്‍ഹിയിലെത്തിയതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതനുസരിച്ച് വടകര പൊലീസ് ഡല്‍ഹിക്ക് തിരിച്ചു. എന്നാല്‍ അവര്‍ ഡല്‍ഹിയിലെത്തും മുമ്പേ കുട്ടികള്‍ മറ്റൊരു ട്രെയിനില്‍ ജമ്മുവിലേക്ക് യാത്രതിരിച്ചു.

കുട്ടികളെ അന്വേഷിച്ചിറങ്ങിയ പൊലീസ് സംഘം റെയില്‍വേ പൊലീസിലും വിവരം അറിയിച്ചു. അതനുസരിച്ച് കുട്ടികള്‍ ജമ്മുവില്‍ ഇറങ്ങിയപ്പോള്‍ സംശയം തോന്നിയ റെയില്‍വേ സംരക്ഷണ സേന ഇരുവരെയും തടഞ്ഞുവച്ചു. വിശദമായി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. പിന്നാലെ ജമ്മുവിലെത്തിയ വടകര പൊലീസ് കുട്ടികളെ കൈമാറി. കുട്ടികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ കുടുംബം ബാലവിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായി ആക്ഷേപമുണ്ട്. ഇത് എതിര്‍ത്താണ് കുട്ടി വടകരയിലെ ബന്ധുവീട്ടില്‍ താമസത്തിനെത്തിയത്. കുട്ടികള്‍ നാടുവിട്ടതും ഇതും തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആരെങ്കിലും ജമ്മുവിലെത്താന്‍ കുട്ടികളെ നിര്‍ബന്ധിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

Two minor girls who unexpectedly went missing from their home in Vadakara, Kozhikode, have been safely tracked down and intercepted by the Railway Protection Force (RPF) at the Jammu railway station. The youngsters, consisting of a 12-year-old daughter of a West Bengal native residing in Vadakara and her 16-year-old relative, reportedly fled their home on early Sunday morning with ₹4,000 and clothes following an intense argument with their guardians. Cyber cell tracking initially revealed that the non-Malayalam speaking girls had traveled by train to Delhi, prompting a Vadakara police team to pursue them, though the duo managed to board another connecting train to Jammu before the team arrived. Upon their arrival in Jammu, vigilant RPF personnel detained the minors on suspicion, who subsequently confessed during interrogation that they ran away voluntarily over family disputes. While the specialized police team is currently bringing the children back to Kerala, an official investigation has been launched to check if the escape was triggered by a suspected child marriage pressure faced by the 16-year-old in her hometown.