പൂണെയിൽ ക്ഷേത്രത്തിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സമീപത്തെ നിർമ്മാണ സൈറ്റിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ വിശാൽ സിങ് ആണ് പിടിയിലായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
പൂണെക്ക് സമീപമുള്ള നിഗ്ഡിയില്‍ ഒക്ടോബർ 10-ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിൽ പ്രാർഥന കഴിഞ്ഞ് മടങ്ങാൻ തയാറെടുക്കുകയായിരുന്ന പെൺകുട്ടിക്ക് അടുത്തേക്ക് യൂണിഫോം ധരിച്ചെത്തിയ പ്രതി അതിക്രമം നടത്തുകയായിരുന്നു. നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്നവർ സാധാരണയായി ധരിക്കുന്ന ഓറഞ്ച് ജാക്കറ്റാണ് പ്രതി ധരിച്ചിരുന്നത്.
പെൺകുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തിൽ എന്ന് കണ്ട ഇയാൾ പെൺകുട്ടിയുടെ കൈയിൽ പിടിച്ച് അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി കുറച്ചുനേരം ചെറുത്തുനിൽക്കുകയും പിന്നീട് ഇയാളെ തള്ളിമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. ഇതിനുശേഷം പ്രതി അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ മെട്രോ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്ന കരാർ തൊഴിലാളിയായ വിശാൽ സിങ് ആണ് പ്രതിയെന്ന് തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാൾക്കെതിരെ ബലാല്‍സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.