ഡല്‍ഹി നിര്‍ഭയ കേസിനു സമാനമായ ക്രൂരതയാണ് കോഴിക്കോട് താമരശേരിയില്‍ നിന്ന് പുറത്തുവരുന്നത്. ഏപ്രില്‍ മുതല്‍ ഇരുപതുകാരി നിരന്തര പീഡനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ട്. ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ ഒരു ദിവസം കാറില്‍ കൊണ്ടുപോയി ലഹരി നല്കി പീഡിപ്പിച്ചു. മറ്റൊരാളുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തി.
Also Read: താമരശ്ശേരിയിൽ ബസ്സിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ
ഈ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്മെയില്‍ ചെയ്ത് അതിക്രൂരമായ പീഡനമാണ് പിന്നീട് നടന്നത്. ഈ സംഭവത്തിനു പിന്നാലെ രണ്ടു പ്രതികളും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ വീണ്ടും ബലാല്‍സംഗം ചെയ്തു. പ്രതികള്‍ ജോലിചെയ്യുന്ന ബസില്‍ കൊണ്ടുപോവുകയും വാഹനം നിര്‍ത്തിയിട്ട് നിരന്തര പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് മൊഴി.
ബസില്‍വച്ച് പലതവണ പീഡിപ്പിച്ചതായി യുവതി പൊലീസിനു മൊഴി നല്കി. അതിക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ രണ്ടു പേര് മാത്രമല്ല കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പുതുപ്പാടി സ്വദേശി കെ.കെ. അനീഷ്, കൈതപ്പൊയില്‍ സ്വദേശി പി.എസ്.സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും സംഭവം വെളിപ്പെടുത്തി. പിന്നാലെ കൊടുവള്ളി, കാക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ െപണ്‍കുട്ടി തന്നെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിടിയിലായ പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും ലഹരി ഇടപാട് നടത്തുന്നവരാണെന്നും പൊലീസ് കണ്ടെത്തി.
മറ്റ് ക്രിമിനല്‍ കേസുകളൊന്നും ഇവരുടെ പേരില്‍ ഇല്ല. കൃത്യമായി മൊഴി നല്കാന് പറ്റിയ മാനസികാവസ്ഥയിലല്ല പെണ്‍കുട്ടിയെന്ന് ഡിവൈഎസ്പി ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വലിയ മാനസികാഘാതത്തിലായ പെണ്‍കുട്ടിക്ക് ചികിത്സ നല്‍കുന്നുണ്ട്. അന്വേഷണം തുടരുകയാണ്.